മകളെ പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ കാലുതല്ലിയൊടിച്ച കേസ്‌…അച്ഛനെ
ജയിലിലടച്ചതിൽ പ്രതിഷേധം

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത മകളെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ മർദിച്ച അച്ഛനെ ജയിലിലടച്ച പൊലീസിന്‌ തിരിച്ചടി. ആറ്റിങ്ങൽ മജിസ്‌ട്രേട്ട്‌ കോടതി അച്ഛന്‌ ജാമ്യം അനുവദിച്ചു. പൊലീസ്‌ നടപടിയിൽ ഉന്നത ഉദ്യോഗസ്ഥർക്ക്‌ പരാതി നൽകുമെന്ന്‌ അച്ഛന്റെ അഭിഭാഷകൻ അറിയിച്ചു.

മൈലാടുംമുകൾ സ്വദേശി വിനോദ്‌ (40)ആണ്‌ തിങ്കൾ വൈകിട്ട്‌ പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചത്‌. ഇതുകണ്ട്‌ നിലവിളിച്ചുകൊണ്ട്‌ ഓടിയടുത്ത അച്ഛൻ പട്ടിക കഷണംകൊണ്ട്‌ അക്രമിയെ നേരിട്ടു. അടികൊണ്ട്‌ കാലൊടിഞ്ഞ അക്രമിയെ മെഡിക്കൽ കോളേജ്‌ ആശുപത്രിലാക്കി. കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും മുൻവൈരാഗ്യംകൊണ്ടാണ്‌ കാൽ തല്ലിയൊടിച്ചതെന്നുമാണ്‌ അക്രമി പൊലീസിനോടുപറഞ്ഞത്‌. തുടർന്ന്‌ അച്ഛനെ അറസ്‌റ്റുചെയ്‌ത്‌ ജയിലിലടച്ചു.

പൊലീസിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നു. പെൺകുട്ടിയ ഉപദ്രവിക്കാൻ ശ്രമിച്ചയാളോട്‌ അനുഭാവപൂർവം പെരുമാറിയ പൊലീസ്‌, മകളെ രക്ഷിച്ച അച്ഛനെ ജയിലിലടപ്പിച്ചെന്നാണ്‌ ആക്ഷേപം.
എന്നാൽ നിയമപരമായ കാര്യങ്ങളേ ചെയ്‌തിട്ടുള്ളൂവെന്നും രണ്ടുപേരും പ്രതികളാണെന്നുമായിരുന്നു പൊലീസിന്റെ വാദം. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയാണ്‌ പോത്തൻകോട് പൊലീസ് പ്രതി വിനോദിന്റെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌.

Related Articles

Back to top button