വാട്ടര്‍ അതോരിറ്റിയിലെ തസ്തികകള്‍ വെട്ടിക്കുറച്ചു…. കുറച്ചത്…

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾ പടർന്നുപിടിക്കുന്നതിനിടയിലും വാട്ടർ അതോരിറ്റിയിൽ വൻ ശാസ്ത്ര തസ്തിക അട്ടിമറി. ശുദ്ധജല വിതരണത്തിന് മേൽനോട്ടം വഹിക്കേണ്ട നിർണായകമായ ശാസ്ത്ര തസ്തികകൾ വെട്ടിക്കുറയ്ക്കുകയും പകരം ഭരണനിർവഹണ (ക്ലെറിക്കൽ) പോസ്റ്റുകൾക്ക് അമിത പ്രാധാന്യം നൽകുകയും ചെയ്തതായാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ശാസ്ത്ര മേഖലയെ പാടേ അവഗണിച്ചുകൊണ്ടുള്ള ഈ അട്ടിമറി നടന്നത്. 2022-ൽ അന്നത്തെ വാട്ടർ അതോരിറ്റി എംഡിയായിരുന്ന വെങ്കിടേശപതി ഐഎഎസ് സമർപ്പിച്ച ആദ്യ വർക്ക് സ്റ്റഡി പ്രൊപ്പോസലിൽ ശാസ്ത്ര തസ്തികകൾക്ക് കൃത്യമായ പ്രാധാന്യം നൽകിയിരുന്നു. എന്നാൽ, സർക്കാർ അംഗീകരിച്ച അന്തിമ പ്രൊപ്പോസലിലേക്ക് എത്തിയപ്പോഴേക്കും ഇതിൽ വലിയ രീതിയിലുള്ള വെട്ടിച്ചുരുക്കൽ നടത്തുകയായിരുന്നു. ജലപരിശോധനകൾക്ക് ഏറ്റവും ആവശ്യമായ മൈക്രോബയോളജിസ്റ്റ് തസ്തിക വെറും രണ്ടായി ചുരുക്കി. കുടിവെള്ളത്തിന്റെ രാസഗുണനിലവാരം പരിശോധിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സാനിറ്ററി കെമിസ്റ്റ് തസ്തികകൾ പൂർണമായും ഇല്ലാതാക്കി. ശാസ്ത്ര തസ്തികകൾ ഇല്ലാതാക്കിയപ്പോൾ മറുവശത്ത് ഹെഡ് ക്ലർക്ക് ഉൾപ്പെടെയുള്ള ഭരണനിർവഹണ പോസ്റ്റുകൾക്ക് അമിത പ്രാധാന്യമാണ് നൽകിയിരിക്കുന്നത്.
ജനങ്ങൾക്ക് വിതരണം ചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും രോഗപ്രതിരോധത്തിനും ആവശ്യത്തിന് ശാസ്ത്ര തസ്തികകൾ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. സംസ്ഥാനത്ത് ജലജന്യ രോഗങ്ങൾ പെരുകുന്ന സാഹചര്യത്തിൽ, ശാസ്ത്രീയ പരിശോധനകൾ കാര്യക്ഷമമാക്കേണ്ടതിന് പകരം വാട്ടർ അതോരിറ്റി ഓഫീസ് ഭരണസംവിധാനങ്ങൾ മാത്രം വിപുലീകരിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.




