കൈപൊള്ളുന്ന പരിപാടിക്കില്ല, കരിമണൽ ഖനനം സർക്കാരിന്റെ അജണ്ടയിലില്ല… വ്യവസായ മന്ത്രി

ആലപ്പുഴ: ആലപ്പുഴ തീരദേശത്തെ കരിമണൽ ഖനനമോ ഈ മേഖലയുടെ സ്വകാര്യവൽക്കരണമോ സംസ്ഥാന സർക്കാരിന്റെ അജണ്ടയിൽ ഇല്ലെന്ന് വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മുൻ സർക്കാരിന്റെ കാലത്ത് ഈ മേഖല സ്വകാര്യവ്യക്തികൾക്ക് കൈമാറാൻ ശക്തമായ നീക്കങ്ങൾ നടന്നിരുന്നു. എന്നാൽ യുഡിഎഫ് സർക്കാർ അത്തരം യാതൊരു പദ്ധതികളുമായും മുന്നോട്ടുപോകില്ലെന്നും ‘കൈപൊള്ളുന്ന ഒരു പരിപാടിക്കും’ തങ്ങളില്ലെന്നും മന്ത്രി കടുത്ത ഭാഷയിൽ അറിയിച്ചു. കേരളത്തിൽ പുതിയ കരിമണൽ ഖനനത്തിനോ അപൂർവ്വ ധാതുക്കളുടെ ഖനനം സ്വകാര്യവൽക്കരിക്കാനോ സർക്കാർ യാതൊരുവിധ അനുമതിയും നൽകില്ലെന്ന് വ്യവസായ വകുപ്പ് പൂർണ്ണമായ ഉറപ്പു നൽകുന്നു.

സംസ്ഥാന ബജറ്റിൽ ധാതുമണൽ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നു. ബജറ്റിലെ ‘റെയർ എർത്ത് ആൻഡ് ക്രിട്ടിക്കൽ മിനറൽ കോറിഡോർ’ എന്ന നിർദ്ദേശത്തെ തുടർന്ന് തീരദേശ മേഖലകളിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ വിവാദങ്ങളും ആശങ്കകളും ഉയർന്നുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വിശദീകരണവുമായി വ്യവസായ മന്ത്രി തന്നെ നേരിട്ട് രംഗത്തെത്തിയത്. ബജറ്റ് നിർദ്ദേശങ്ങളിൽ വ്യക്തത വന്നതോടെ തീരദേശത്ത് ഉയർന്നുവന്ന പ്രതിഷേധങ്ങൾക്ക് താൽക്കാലിക ശമനമുണ്ടാകുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ കരുതുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിച്ചും ജനവികാരം മാനിച്ചും മാത്രമേ ധാതുമണൽ മേഖലയിൽ പുതിയ ചുവടുവെപ്പുകൾ നടത്തൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Back to top button