‘പിഎം ശ്രീ’യിൽ നിന്ന് പിന്മാറാൻ സംസ്ഥാനത്തിന് കഴിയില്ല… പിന്നോട്ട് പോയാൽ നഷ്ടം 2000 കോടി… മന്ത്രി എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽനിന്ന് സംസ്ഥാനത്തിന് പിൻമാറാൻ സാധിക്കില്ലെന്നും അതിന് കേന്ദ്രസർക്കാരിന് മാത്രമേ അവകാശമുള്ളൂ എന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിയമസഭയിൽ വ്യക്തമാക്കി. നിയമസഭയിലെ ചോദ്യോത്തര വേളയിൽ പ്രവീൺകുമാർ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. പദ്ധതിയിൽനിന്ന് പിന്മാറിയാൽ പല ഇനങ്ങളിലായി രണ്ടായിരം കോടി രൂപയോളം സംസ്ഥാനത്തിന് നഷ്ടമാകുന്ന സാഹചര്യമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പദ്ധതിയിലൂടെ സംസ്ഥാനത്തെ 152 ബ്ലോക്കുകളിലായി 304 സ്കൂളുകൾക്ക് ഒരുകോടി രൂപവീതം മൂന്നുവർഷത്തേക്കാണ് ലഭിക്കുകയെന്ന് മന്ത്രി പറഞ്ഞു. തൊള്ളായിരം കോടിയിൽപരം രൂപയാണ് ഇതിലൂടെ സംസ്ഥാനത്തിന് ലഭിക്കേണ്ടത്. പദ്ധതിയിൽനിന്ന് പിന്മാറിയാൽ ഈ തുക കിട്ടില്ലെന്ന് മാത്രമല്ല, ഇതിന്റെ പേരിൽ അന്യായമായി മറ്റ് കേന്ദ്രഫണ്ടുകൾ തടഞ്ഞുവെക്കുന്നതിലൂടെയും വലിയ തുകകൾ നഷ്ടമായേക്കാം. അങ്ങനെ ഫണ്ട് തടഞ്ഞുവെക്കുന്നു എന്നത് ഒരു വസ്തുതയാണ്. കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പിടാൻ നിർബന്ധിതമായതും ഈ കേന്ദ്രഫണ്ട് പ്രതീക്ഷിച്ചു കൊണ്ടുതന്നെയാണ്. പദ്ധതിയിൽ നിന്ന് പിന്മാറിയാൽ ആ ഇനത്തിൽ എസ്എസ്കെയ്ക്ക് ലഭിക്കാനുള്ള 1150 കോടി രൂപയും കിട്ടാതെ പോകും. അങ്ങനെ വരുമ്പോൾ ഒപ്പിടാത്തതിന്റെ പേരിൽ രണ്ടായിരം കോടിയോളം രൂപ സംസ്ഥാനത്തിന് നഷ്ടമാകുന്ന സ്ഥിതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന സ്കൂളിന് ഒരുകോടി രൂപയാണ് ലഭിക്കുകയെന്ന് ഉഷ വിജയന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ ബ്ലോക്കുകളിൽ ഒരു എലമെന്ററി സ്കൂളും സെക്കൻഡറി സ്കൂളുമാണ് പിഎം ശ്രീ പദ്ധതിക്കായി തിരഞ്ഞെടുക്കേണ്ടത്. പദ്ധതിയുടെ തുകയിൽ 40 ശതമാനം കേരളവും 60 ശതമാനം കേന്ദ്രവുമാണ് നൽകേണ്ടത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾ നടത്തിയതായോ വിവിധ കോണുകളിൽനിന്ന് അഭിപ്രായങ്ങൾ സ്വരൂപിച്ചതായോ അറിയാൻ കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. എന്നാൽ, സർക്കാർ രൂപവത്കരിച്ച സെക്രട്ടറിമാരുടെ സമിതി യോഗംചേരുകയും പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെക്കാവുന്നതാണെന്ന് അവർ സർക്കാരിന് ഉപദേശം നൽകുകയും ചെയ്തിട്ടുള്ളതായാണ് രേഖകളിൽ കാണുന്നതെന്നും മന്ത്രി എൻ. ഷംസുദ്ദീൻ നിയമസഭയിൽ ചൂണ്ടിക്കാട്ടി.



