ഔദ്യോഗിക നിയമനമില്ല, ഓഫീസിൽ സ്വന്തമായി കസേരയും കമ്പ്യൂട്ടറും.. ആലപ്പുഴ PWD ഓഫീസിൽ ഇടനിലക്കാരൻ ‘ജോലി ചെയ്തത്’ 30 വർഷം

ആലപ്പുഴ: പൊതുമരാമത്ത് വകുപ്പ് ഓഫീസിൽ ഔദ്യോഗിക നിയമനമില്ലാതെ ചേർത്തല സ്വദേശിയായ ഇടനിലക്കാരൻ കഴിഞ്ഞ 30 വർഷമായി സമാന്തര ഭരണം നടത്തിയിരുന്നതായി കണ്ടെത്തൽ. ആലപ്പുഴ കല്ലുപാലത്തിന് സമീപമുള്ള PWD അസിസ്റ്റന്റ് എൻജിനിയറുടെ ഓഫീസിലാണ് ‘സചേതൻ’ എന്നയാൾ ഉദ്യോഗസ്ഥരെപ്പോലും മറികടന്ന് സർവ്വവ്യാപിയായി പ്രവർത്തിച്ചിരുന്നത്. ഇതുസംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോർട്ട് ഇപ്പോൾ പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.
ഓഫീസിലെ ജീവനക്കാരെപ്പോലെ കൃത്യസമയത്ത് എത്തുകയും പോവുകയും ചെയ്തിരുന്ന ഇയാൾക്ക് ഓഫീസിൽ സ്വന്തമായി മേശയും കസേരയും കമ്പ്യൂട്ടറും വരെ അനുവദിച്ചിട്ടുണ്ടായിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുമ്പോൾ ഇയാൾ ഓവർസിയറുടെ കമ്പ്യൂട്ടറിൽ ഔദ്യോഗിക ജോലികൾ ചെയ്യുകയായിരുന്നു.
ഡ്രാഫ്റ്റ്സ്മാൻ സിവിൽ പാസായ ഇയാൾ 30 വർഷം മുൻപാണ് അപ്രന്റീസായി ഇവിടെയെത്തുന്നത്. പിന്നീട് ഓവർസിയർമാരും എൻജിനിയർമാരും ചെയ്യേണ്ട സാങ്കേതിക ജോലികൾ വരെ ഇയാൾ നേരിട്ട് ചെയ്തുപോന്നു. കരാറുകാരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനും ഉദ്യോഗസ്ഥർക്കായി ക്രമക്കേടുകൾ നടത്തുന്നതിനും ഇയാൾ പ്രധാന ഇടനിലക്കാരനായി പ്രവർത്തിച്ചതായാണ് റിപ്പോർട്ട്. കൂടാതെ, പി.ഡബ്ല്യു.ഡി ജീവനക്കാരൻ എന്ന വ്യാജേനയാണ് ഇയാൾ പുറംലോകത്ത് ഇടപെട്ടിരുന്നത്. രാഷ്ട്രീയ സ്വാധീനവും സംരക്ഷണവും: വിവിധ റോഡ്, പാലം ഉദ്ഘാടനങ്ങളിൽ ഉദ്യോഗസ്ഥർക്കൊപ്പം സജീവ സാന്നിധ്യമായിരുന്ന ഇയാൾ, ഇടതു സംഘടനകളുടെ സമരങ്ങളിലും പങ്കെടുത്തതായി സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. വർഷങ്ങളായി നിരവധി എൻജിനിയർമാർ മാറിവന്നിട്ടും ആരും ഇയാളെ പുറത്താക്കാൻ തയ്യാറായില്ല എന്നതും ഉദ്യോഗസ്ഥരുടെ സംരക്ഷണം ഇയാൾക്ക് ലഭിച്ചിരുന്നു എന്നതിന് തെളിവാണ്.
“ഞാൻ ഈ ഓഫീസിന്റെ ചുമതലയേറ്റിട്ട് രണ്ടുമാസമേ ആയിട്ടുള്ളൂ. സചേതൻ വർഷങ്ങളായി ഇവിടെയുള്ള ആളാണെന്നാണ് ജീവനക്കാർ പറഞ്ഞത്. കരാറുകാർക്ക് വേണ്ടി ലെവലുകൾ എടുക്കുന്ന ജോലികളാണ് ഇയാൾ ചെയ്തിരുന്നതെന്നാണ് അറിവ്. ഔദ്യോഗിക വെബ്സൈറ്റുകൾ ഇയാൾ കൈകാര്യം ചെയ്തതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇതുവരെ ഇയാൾക്കെതിരെ ആരും പരാതി നൽകിയിട്ടുമില്ല.”
– പി. ആതിര (അസി. എൻജിനിയർ, PWD കല്ലുപാലം ഓഫീസ്, ആലപ്പുഴ)
മുൻപും ഇയാൾക്കെതിരെ പരാതികൾ ഉയർന്നിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥ തലത്തിലുള്ള ശക്തമായ സ്വാധീനം കാരണം നടപടികൾ അട്ടിമറിക്കപ്പെടുകയായിരുന്നു എന്നാണ് സൂചന. എന്നാൽ സ്പെഷ്യൽ ബ്രാഞ്ചിന്റെ പുതിയ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ വകുപ്പുതലത്തിൽ കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.



