ഹേമചന്ദ്രൻ കൊലക്കേസ്… ഹണിട്രാപ്പ് ഒരുക്കിയ പ്രധാന പ്രതിയായ യുവതി പിടിയിൽ

കോഴിക്കോട്: വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രനെ ഹണിട്രാപ്പിൽ കുടുക്കി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതിയായ യുവതി പോലീസ് പിടിയിലായി. കണ്ണൂർ സ്വദേശിനിയായ ലീബയാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്. ഈ കൊലപാതകക്കേസിലെ ആറാം പ്രതിയായ ഇവർക്കെതിരെ പോലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
കേസിലെ മറ്റ് പ്രതികൾ നേരത്തെ അറസ്റ്റിലായ സമയത്ത് ആറാം പ്രതിയായ ലീബ വിദേശത്തേക്ക് കടന്നിരുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി നാട്ടിലെത്താൻ മെഡിക്കൽ കോളേജ് പോലീസ് പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവർ അന്വേഷണസംഘത്തോട് സഹകരിക്കാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് വിമാനത്താവളത്തിൽ വെച്ച് പോലീസ് ഇവരെ തടഞ്ഞുവെച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹേമചന്ദ്രനെ ഹണിട്രാപ്പിലൂടെ കുടുക്കി പണം കൈക്കലാക്കുകയും, തുടർന്ന് കൊലപാതകം ആസൂത്രണം ചെയ്ത മുഖ്യപ്രതിയിലേക്ക് ഹേമചന്ദ്രനെ എത്തിക്കുകയും ചെയ്തത് ലീബയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ലീബയും ഹേമചന്ദ്രനും തമ്മിലുള്ള നിർണ്ണായകമായ ഫോൺ സംഭാഷണങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
2024 മാർച്ചിലാണ് സുൽത്താൻ ബത്തേരി സ്വദേശിയായ ഹേമചന്ദ്രനെ പ്രതികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നത്. തുടർന്ന് ഏപ്രിൽ ഒന്നിന് ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ജൂൺ 28-നാണ് ഹേമചന്ദ്രന്റെ മൃതദേഹം വയനാട് ചേരമ്പാടിയിലെ വനത്തിനുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. കള്ളപ്പണ ഇടപാടുകളും വാഹന മോഷണവും അടക്കമുള്ള വലിയ ക്രിമിനൽ സംഘങ്ങളുടെ സാമ്പത്തിക തർക്കങ്ങളാണ് ഈ ക്രൂരമായ കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഹേമചന്ദ്രൻ തൂങ്ങിമരിച്ചതാണെന്നും അങ്ങനെ കണ്ടപ്പോൾ മൃതദേഹം വനത്തിൽ കുഴിച്ചിടുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു മുഖ്യപ്രതി നൗഷാദിന്റെ ആദ്യ മൊഴി. എന്നാൽ ഹേമചന്ദ്രനെ ക്രൂരമായ മർദ്ദനത്തിന് ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. നൗഷാദിന്റെ നേതൃത്വത്തിൽ നടന്ന ആസൂത്രിത കൊലപാതകമാണിതെന്ന് പോലീസ് ഉറപ്പിച്ചതോടെയാണ് ഹണിട്രാപ്പ് ഒരുക്കിയ ലീബയെയും വലയിലാക്കിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.



