മദ്യത്തിന്റെ നികുതി കുറച്ച് എൽഡിഎഫ് സർക്കാർ ഖജനാവിന് നഷ്ടം വരുത്തിയിട്ടില്ല; നടപടി സുതാര്യം

അഴിമതി നടത്തിയ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും നടത്തുന്ന വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് സിപിഎം. മദ്യത്തിന്റെ നികുതി കുറയ്ച്ചുകൊണ്ട് ഖജനാവിന് കോടിക്കണക്കിന് രൂപ നഷ്ടം വരുത്തിയ വിഡി സതീശന്റെ നടപടിയാണ് ചർച്ചാ വിഷയമായത്. ഇത് സംബന്ധിച്ച് വ്യക്തമായ മറുപടി പറയാതെ കള്ള പ്രചാരവേലകൾ നടത്തി പുകമറ സൃഷ്ടിക്കാനാണ് ചിലമാധ്യമങ്ങൾ ഇറങ്ങി പുറപ്പെട്ടിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

എൽഡിഎഫ് സർക്കാർ മദ്യത്തിന്റെ നികുതി കുറച്ച് സർക്കാർ ഖജനാവിന് നഷ്ടം വരുത്തിയിട്ടില്ല. അതുവഴി മദ്യം ഒഴുക്കുന്നതിനുള്ള സാഹചര്യവും സൃഷ്ടിച്ചിട്ടില്ല. കർഷകരുടെ ആവശ്യം പരിഗണിച്ച് ധാന്യങ്ങൾ ഒഴികെയുള്ള കാർഷിക ഉൽപന്നങ്ങളിൽ നിന്ന് ഹോർട്ടി വൈനിനും ഹോർട്ടി ലിക്വറിനും അനുമതി നൽകുകയാണ് ചെയ്തത്. ഉദയഭാനു കമ്മീഷൻ റിപ്പോർട്ടിലെ വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകണമെന്ന നിർദ്ദേശം കണക്കിലെടുത്ത് വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകുകയും ചെയ്തു. 2022 – 23 ലെ മദ്യ നയത്തിൽ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു. നിയമസഭാ സബ്ജക്ട് കമ്മിറ്റി ഉൾപ്പെടെ ചർച്ച ചെയ്താണ് ഇത്തരം വിഭാഗങ്ങളെ ചട്ടത്തിൽ ഉൾപ്പെടുത്തിയത്. ഇക്കാര്യം ഗസറ്റിൽ വിജ്ഞാപനം ചെയ്തിട്ടുമുണ്ട്. സുതാര്യമായ നടപടിയാണ് ഇക്കാര്യത്തിൽ എൽഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായത്.

മുഖ്യമന്ത്രി ചെയ്തതുപോലെ വീര്യം കുറഞ്ഞ മദ്യത്തിന് വൻതോതിൽ നികുതി ഇളവ് നൽകി സർക്കാരിന് നഷ്ടമുണ്ടാക്കുകയും വൻകിട ഡിസ്റ്റിലറികൾക്ക് നേട്ടമുണ്ടാക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. മദ്യ കമ്പനികൾ സതീശന് മുന്നിൽ ഉന്നയിച്ച ഇത്തരം ആവശ്യങ്ങൾ എൽഡിഎഫ് സർക്കാർ പരിഗണിക്കുകയേ ചെയ്തില്ല.

കാർഷികോത്പന്നങ്ങളായിട്ടുപോലും ഹോർട്ടി വൈനിനും ഫെനിക്കും നികുതിയിൽ ഇളവ് നൽകി ഖജനാവിന് നഷ്ടമുണ്ടാക്കാതിരിക്കാൻ ശ്രദ്ധിച്ചിട്ടുമുണ്ട്. ഹോർട്ടി വൈനിലൂടെ മാത്രം 80 കോടി രൂപ സർക്കാരിന്അധിക വരുമാനം ഉണ്ടാക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. 80 കോടി സർക്കാർ ഖജനാവിൽ നൽകിയ എൽഡിഎഫും 600 കോടി രൂപ മദ്യരാജാക്കന്മാർക്കി ഇളവു നൽകിയ മുഖ്യന്ത്രിയുടെ പ്രവർത്തനങ്ങളും തമ്മിൽ ഒരു താരതമ്യവും സാധ്യവുമല്ല.

വൻകിട മദ്യകമ്പനികൾക്ക് ലാഭമുണ്ടാക്കാൻ 600 കോടി ഖജനാവിന് നഷ്ടം വരുത്താൻ മിന്നൽ വേഗതയിൽ ഫയൽ നീക്കം നടത്തുകയാണ് മുഖ്യമന്ത്രി ചെയ്തത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മുന്നര വർഷം ഒരു നടപടിയും സ്വീകരിക്കാത്ത ഫയലിലാണ് യുദ്ധകാലാടിസ്ഥാനത്തിൽ ഇടപ്പെട്ട് മുഖ്യമന്ത്രി നികുതിയളവ് നൽകിയത്. ഈ യാഥാർത്ഥ്യങ്ങളെ മറച്ചുവെച്ചുകൊണ്ട് വലതുപക്ഷ മാധ്യമങ്ങൾ നടത്തുന്ന പ്രചാരവേലകൊണ്ടൊന്നും അഴിമതിക്കറയിൽ നിന്ന് വി ഡി സതീശനെ രക്ഷിച്ചെടുക്കാനാവില്ലെന്ന് സിപിഎം പ്രസ്താവനയിൽ പറയുന്നു.

Related Articles

Back to top button