മന്ത്രിച്ചൂതിയ വെള്ളവും അറബി അക്ഷരങ്ങളെഴുതിയ മുട്ടകളും… കാസർകോട് ആത്മീയ ചികിത്സയുടെ മറവിൽ…

കാസർകോട്: ചെർക്കളയിൽ മത വിശ്വാസത്തെ ചൂഷണം ചെയ്ത് വ്യാജ ചികിത്സയും ആഭിചാരക്രിയകളും നടത്തുന്നുവെന്ന പരാതിയിൽ പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും മിന്നൽ പരിശോധന. പാടി സ്വദേശിയായ ഉസ്താദ് ശിഹാബുദ്ദീൻ ഫൈസിയുടെ ‘ദാറുൽ അമാൻ’ എന്ന വീട്ടിലാണ് വിദ്യാനഗർ പോലീസും ഡ്രഗ് ഇൻസ്പെക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും സംയുക്തമായി റെയ്ഡ് നടത്തുന്നത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.

ആളുകളുടെ വിശ്വാസത്തെ മുതലെടുത്താണ് ഇയാൾ ഇത്തരം ക്രിയകൾ നടത്തിയിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പരിശോധനയുടെ തുടക്കത്തിൽ തന്നെ വീടിന്റെ ചുവരിൽ തൂക്കിയിരുന്ന വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെടുത്തു. വെറും ഒരാഴ്ച മാത്രം നീണ്ടുനിന്ന ഒരു വെൽനസ് കോഴ്സിന്റെ സർട്ടിഫിക്കറ്റ് കാട്ടിയാണ് ഇയാൾ ചികിത്സ നടത്തിയിരുന്നത്. എന്നാൽ ഈ കോഴ്സിൽ താൻ പൂർണ്ണമായി പങ്കെടുത്തിട്ടില്ലെന്ന് ഉസ്താദ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. രോഗശാന്തിക്ക് എത്തുന്നവർക്ക് മന്ത്രിച്ചോതിയ വെള്ളവും തേനുമാണ് ഇവിടെ പ്രധാനമായും നൽകിയിരുന്നത്. മന്ത്രം ജപിച്ചു നൽകാൻ സൂക്ഷിച്ചിരുന്ന നൂറുകണക്കിന് പ്ലാസ്റ്റിക് ബോട്ടിലുകളും കുപ്പികളും വലിയ ബണ്ടിലുകളായി വീടിനുള്ളിൽ നിന്ന് കണ്ടെടുത്തു. പുറത്തുനിന്നു കൊണ്ടുവരുന്ന മുട്ടകളിൽ അറബി മാന്ത്രിക ലിപികൾ എഴുതി നൽകുന്ന ആഭിചാര രീതിയും ഇവിടെ നിലനിന്നിരുന്നു. ഇത്തരം ക്രിയകൾ ശാസ്ത്രീയമല്ലെന്നും കേവലം വിശ്വാസത്തിന്റെ ഭാഗം മാത്രമാണെന്നും ഉസ്താദ് പോലീസിന് മുന്നിൽ സമ്മതിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നാട്ടുകാരിൽ ചിലർ നൽകിയ പരാതിയെത്തുടർന്നാണ് വിദ്യാനഗർ പോലീസ് ആരോഗ്യവകുപ്പിനെ കൂട്ടി റെയ്ഡിന് വഴിയൊരുക്കിയത്.

ചികിത്സയ്‌ക്കെത്തുന്ന ആളുകളുടെ വിവരങ്ങൾ അടങ്ങിയ ഡയറികളും റെയ്ഡിൽ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ രോഗികളുടെ പേരും അസുഖ വിവരങ്ങളുമാണുള്ളത്. ചില ഭാഗങ്ങളിൽ ‘പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സഹോദരി’ എന്നിങ്ങനെയുള്ള കുറിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. പണമിടപാടുകൾ നടത്താൻ ക്യൂ ആർ കോഡ് അടങ്ങിയ ബോർഡുകളും ഇവിടെ സ്ഥാപിച്ചിരുന്നു. ചികിത്സാ ഫീസായും ആത്മീയ കേന്ദ്രത്തിലേക്കുള്ള സംഭാവനയായും വലിയ തുക ഇയാൾ കൈപ്പറ്റിയിരുന്നതായാണ് വിവരം. കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങുന്ന സിഡിആറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവിൽ പരിശോധനകൾ പൂർത്തിയായിട്ടില്ലെന്നും ഇതിനുശേഷം മാത്രമേ തുടർനടപടികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാക്കുകയുള്ളൂവെന്നും വിദ്യാനഗർ പോലീസ് അറിയിച്ചു.

Related Articles

Back to top button