അവധി തരില്ലെന്നത് ധിക്കാരം, വി.ഡി സതീശൻ മാപ്പ് പറയണം… മൈക്ക് ചതിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞ് മൂലം വള്ളംകളി സമിതി

ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിക്ക് പ്രാദേശിക അവധി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനെതിരെ കടുത്ത പ്രതിഷേധവുമായി മൂലം വള്ളംകളി ജലോത്സവ സമിതി. മുഖ്യമന്ത്രി കുട്ടനാടിനെയും വള്ളംകളി പ്രേമികളെയും ആകെ അപമാനിച്ചിരിക്കുകയാണെന്നും അദ്ദേഹം പരസ്യമായി മാപ്പ് പറയണമെന്നും സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് ചമ്പക്കുളത്ത് വൻ പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്നും സമിതി എക്സിക്യൂട്ടീവ് അംഗം കെ.ജി അരുണ്‍ കുമാര്‍ വ്യക്തമാക്കി.
കുട്ടനാട് എം.എൽ.എ റെജി ചെറിയാൻ വള്ളംകളിക്ക് പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രിയോട് വേദിയിൽ വെച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യത്തോട് ‘ആലോചിച്ച് മറുപടി പറയാം’ എന്നായിരുന്നു മുഖ്യമന്ത്രി വി.ഡി സതീശൻ മൈക്കിലൂടെ പരസ്യമായി പ്രതികരിച്ചത്. എന്നാൽ പ്രസംഗം കഴിഞ്ഞ് സീറ്റിൽ വന്നിരുന്ന ശേഷം, തൊട്ടടുത്തുള്ളവരോട് ശബ്ദം കുറച്ച് ‘അവധി കൊടുക്കില്ല’ എന്ന് മുഖ്യമന്ത്രി പറയുകയായിരുന്നു. ഈ സമയം മൈക്ക് ഓഫ് ആയിരുന്നില്ലാത്തതിനാൽ മുഖ്യമന്ത്രി പറഞ്ഞത് ചെറിയ രീതിയിൽ പുറത്തേക്ക് കേൾക്കുകയും ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഈ പ്രതികരണം ജനപ്രതിനിധിയായ എം.എൽ.എയുടെ മുഖത്തേറ്റ അടിയാണെന്ന് കെ.ജി അരുൺ കുമാർ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടേത് ശുദ്ധ ഇരട്ടത്താപ്പാണെന്ന് ചമ്പക്കുളം മൂലം ജലോത്സവം സമിതി മുന്‍ സ്പോണ്സര് കമ്മറ്റി ചെയര്മാന് അഗസ്റ്റില്‍ ജോസും പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ പുച്ഛത്തോടെയുള്ള മറുപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി കുട്ടനാടിനെ മുഴുവനാണ് ആക്ഷേപിച്ചിരിക്കുന്നതെന്ന് മുൻ റൈസ് കമ്മറ്റി ചെയര്മാന് എം.എസ് ശ്രീകാന്തും ആരോപിച്ചു. വി.ഡി സതീശന്റെ തനി സ്വരൂപം ഇതോടെ വ്യക്തമായെന്നും, ഉള്ളിലുള്ള കാപട്യം മറനീക്കി പുറത്തുവന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വലിയ രീതിയിലുള്ള ജനകീയ പ്രതിഷേധത്തിനാണ് കുട്ടനാട് ഇപ്പോൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.



