മരുമകന്റെ ദുർനടപ്പ് മകളെ അറിയിച്ചു…. വയോധികയായ ഭാര്യാമാതാവിന് നേരെ ക്രൂരമായ ലൈംഗിക പീഡനം

കൊല്ലം: മരുമകന്റെ ദുർനടപ്പും വഴിവിട്ട ജീവിതവും വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന്റെ വൈരാഗ്യത്തിൽ ഭാര്യാമാതാവിനെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പോലീസ് പിടിയിൽ. കൊല്ലം കുണ്ടറയിലാണ് നാടിനെ നടുക്കിയ കൊടും ക്രൂരത അരങ്ങേറിയത്. സംഭവത്തിൽ വയോധികയുടെ മരുമകനെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

വീട്ടുമുറ്റത്ത് നിന്നും ഗര്‍ഭനിരോധന ഉറ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. മരുമകന്റെ വഴിവിട്ട ബന്ധങ്ങളുടെ തെളിവായി ഇത് കണ്ട വയോധിക, ഉടൻ തന്നെ വിദേശത്തുള്ള തന്റെ മകളെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇയാൾ ഭാര്യാമാതാവിനെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. വീട്ടിൽ വെച്ചായിരുന്നു ക്രൂരമായ അതിക്രമം നടന്നത്. മരുമകനെ ഭയന്നതുകൊണ്ട് വയോധിക ഈ ക്രൂരത പുറംലോകത്തെ അറിയിച്ചിരുന്നില്ല. ഈ ഭയം മുതലെടുത്ത് 2025 മുതൽ ഇയാൾ വയോധികയെ നിരന്തരമായി പീഡിപ്പിച്ചു വരികയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എന്നാൽ, മരുമകന്റെ പീഡനം സഹിക്കവയ്യാതെ വന്നതോടെ ഒടുവിൽ വയോധിക വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

വയോധികയുടെ വെളിപ്പെടുത്തലിന് പിന്നാലെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ച ഉടൻ തന്നെ കുണ്ടറ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിക്ക് ലഹരി വിൽപ്പന ഉൾപ്പെടെയുള്ള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടോയെന്നും, മറ്റ് ക്രിമിനൽ കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. പ്രതിയും വയോധികയുടെ കുടുംബവും തമ്മിൽ മുൻപും നിരവധി കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും വിവരമുണ്ട്.

Related Articles

Back to top button