നാളെ സമ്പൂർണ ഡ്രൈ ഡേ…

ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നാളെ സമ്പൂർണ ഡ്രൈ ഡേ. ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളും ബാറുകളും തുറന്ന് പ്രവർത്തിക്കില്ല. ഇതുമായി ബന്ധപ്പെട്ട് എല്ലാ ബെവ്കോ ഔട്ട്ലെറ്റുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് തീരുമാനം. ഓരോ വർഷവും ജൂൺ 26നാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തിനും അനധികൃത കടത്തിനും എതിരെ ജനങ്ങളെ ബോധവൽക്കരിക്കുന്ന എന്ന ലക്ഷ്യത്തോടെ 1987 ഡിസംബറിൽ ചേർന്ന ഐക്യരാഷ്ട്രസഭയുടെ പൊതുഅസംബ്ലിയാണ് ലോക ലഹരി വിരുദ്ധ ദിനം നിശ്ചയിച്ചത്. ദിനാചരണത്തിന്റെ ഭാഗമായി കേരളത്തിൽ എക്സൈസ്, സാമൂഹികനീതി വകുപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ചേർന്ന് വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.



