സ്ത്രീയെ ഇടിച്ചുതെറിപ്പിച്ച് കാർ ഡിവൈഡറിലേക്ക് പാഞ്ഞുകയറി… വണ്ടിക്കുള്ളിൽ കുടുങ്ങിയ മൂന്ന് യുവാക്കൾ….

കോഴിക്കോട്: ദേശീയപാതയിൽ റോഡ് മുറിച്ചുകടക്കാനായി ഡിവൈഡറിന് സമീപം കാത്തുനിൽക്കുകയായിരുന്ന വീട്ടമ്മ കാറിടിച്ച് മരിച്ചു. മൂരാട് താനാട്ട് മോളി (52) ആണ് അപകടത്തിൽ മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 11.24 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ വീട്ടമ്മയെ ഇടിച്ചുതെറിപ്പിച്ച ശേഷം ദേശീയപാതയിലെ ഡിവൈഡറിലേക്ക് ശക്തമായി ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കൾക്ക് പരിക്കേറ്റിട്ടുണ്ട്.
പാനൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് അമിതവേഗതയിൽ പോകുകയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. റോഡ് മുറിച്ചുകടക്കാൻ നിന്ന മോളിയെ ഇടിച്ച കാർ, പിന്നീട് ഡിവൈഡറിലേക്ക് ഇടിച്ച് നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായി തകരുകയും കാറിനുള്ളിൽ യാത്രികരായ യുവാക്കൾ കുടുങ്ങുകയുമായിരുന്നു. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന കണ്ണൂർ തെക്കെപാനൂർ സ്വദേശികളായ ഷാഹിൽ (18), അസിം (18), ബിലാൽ (17) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അല്പസമയം ഗതാഗത തടസ്സമുണ്ടായി. പോലീസ് സ്ഥലത്തെത്തിയാണ് മേൽനടപടികൾ സ്വീകരിച്ചത്. മോളിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.




