‘എഫ്സിആർഎ ഭേദഗതികൾ മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റം’… കേന്ദ്രത്തിനെതിരെ മലങ്കര സഭ

കോട്ടയം: വിദേശ സംഭാവന നിയന്ത്രണ നിയമവുമായി (FCRA) ബന്ധപ്പെട്ട് അക്കൗണ്ട് ഉടമകളുടെ സമൂഹമാധ്യമ വിവരങ്ങളും പബ്ലിക്കേഷനുകളുടെ വിശദാംശങ്ങളും കേന്ദ്ര അധികൃതർ ആവശ്യപ്പെടുന്നത് മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് മലങ്കര സഭ. സഭയുടെ സാമ്പത്തിക ഇടപാടുകൾ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നവയും പൂർണ്ണമായും സുതാര്യവുമാണ്. എന്നാൽ സാമ്പത്തിക കാര്യങ്ങൾ പരിശോധിക്കുന്നതിന് പകരം സംഘടനകളുടെ നിലപാടുകളെയും അഭിപ്രായങ്ങളെയും ഓഡിറ്റ് ചെയ്യാൻ ശ്രമിക്കുന്നത് പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് സഭ ചൂണ്ടിക്കാട്ടി.

ഭരണകൂടത്തെയും സർക്കാരിനെയും വിമർശിക്കുന്നവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന പരോക്ഷ മുന്നറിയിപ്പാണോ ഇത്തരം നടപടികളിലൂടെ അധികൃതർ നൽകുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സഭ കൂട്ടിച്ചേർത്തു. രാജ്യത്തോടുള്ള സ്നേഹത്തിന്റെ പ്രതീകമായി ക്രൈസ്തവ സഭകൾ നിരവധി ആതുരാലയങ്ങളും വിദ്യാലയങ്ങളും സ്ഥാപിച്ചിട്ടുണ്ടെന്ന് മലങ്കര സഭ ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ വികസനത്തിൽ വലിയ പങ്കുവഹിച്ച ഇത്തരം മാനുഷിക സേവന ദൗത്യങ്ങളെ എപ്പോഴും സംശയത്തോടെ വീക്ഷിക്കുന്ന സാഹചര്യം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും സഭ ആവശ്യപ്പെട്ടു. വലിയ വ്യവസായങ്ങൾക്കും ഖനനത്തിനുമായി രാജ്യത്തെ നിയമങ്ങൾ ലളിതവൽക്കരിക്കപ്പെടുമ്പോൾ, സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന മാനുഷിക സേവന പ്രവർത്തനങ്ങൾക്ക് കർശനമായ ചട്ടങ്ങളിലൂടെ കൂച്ചുവിലങ്ങിടുന്നത് ഖേദകരമാണ്. എല്ലാവരെയും രാഷ്ട്രനിർമ്മാണത്തിൽ പങ്കാളികളാക്കിയാൽ മാത്രമേ ദേശീയോദ്ഗ്രഥനം അർത്ഥപൂർണ്ണമാകൂ. സന്നദ്ധ സംഘടനകളെയും ആതുരസേവന രംഗത്തെയും പ്രതിസന്ധിയിലാക്കുന്ന എഫ്സിആർഎ ചട്ടങ്ങളിലെ ഇത്തരം പുതിയ നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ അടിയന്തരമായി പുനഃപരിശോധിക്കണമെന്നും മലങ്കര സഭ ആവശ്യപ്പെട്ടു.

Related Articles

Back to top button