‘പാസ്‌പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ല, വെറും യാത്രാരേഖ മാത്രം’…. വിദേശകാര്യ മന്ത്രാലയം

പാസ്‌പോർട്ട് ഒരു വ്യക്തിയുടെ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും അതൊരു യാത്രാരേഖ മാത്രമാണെന്നും വിശദീകരിച്ച് വിദേശകാര്യ മന്ത്രാലയം. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും അന്താരാഷ്ട്ര തലത്തിൽ ഒരു വ്യക്തിയുടെ ദേശീയത സാക്ഷ്യപ്പെടുത്തുന്നതിനും വേണ്ടി മാത്രമാണ് പാസ്‌പോർട്ട് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ പൗരത്വത്തിനുള്ള അന്തിമ തെളിവായി പാസ്‌പോർട്ടിനെ കണക്കാക്കാൻ കഴിയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

പാസ്പോർട്ട് സേവാ ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കിയത്. പാസ്‌പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത് പോലെ ഈ രേഖ പൂർണ്ണമായും കേന്ദ്രസർക്കാറിന്റെ ഉടമസ്ഥതയിലുള്ളതാണ്. സർക്കാർ ആവശ്യപ്പെടുന്ന പക്ഷം ഇത് തിരികെ നൽകാൻ ഉടമസ്ഥൻ ബാധ്യസ്ഥനാണെന്നും ഉദ്യോഗസ്ഥർ ഓർമ്മിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ ഈ നിലപാടിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. പാസ്‌പോർട്ട് പൗരത്വ രേഖയല്ലെങ്കിൽ പിന്നെ ഇന്ത്യൻ പൗരത്വത്തിന്റെ തെളിവായി ജനങ്ങൾ ഏത് രേഖയാണ് ഉപയോഗിക്കേണ്ടതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ കപിൽ സിബൽ ചോദിച്ചു.

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയും കേന്ദ്ര നീക്കത്തെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ചു. ഇന്നത്തെ കാലത്ത് ഇന്ത്യൻ പൗരത്വത്തിന്റെ ഏക തെളിവ് ഹിന്ദുവും ബിജെപി വോട്ടറുമായിരിക്കുക എന്നത് മാത്രമാണ്. എന്ന് മഹുവ മൊയ്ത്ര പ്രതികരിച്ചു. അതേസമയം, വിദേശകാര്യമന്ത്രാലയം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് പുതിയ നയമല്ലെന്നും, നിലവിലുള്ള നിയമപരമായ നിലപാട് ആവർത്തിക്കുക മാത്രമാണ് ചെയ്തതെന്നും ബിജെപി പ്രതികരിച്ചു. പാസ്‌പോർട്ട് പൗരത്വ രേഖയല്ലെന്ന് കോടതികൾ തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി.

Related Articles

Back to top button