അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 50 വർഷത്തിന് ശേഷം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി എൻസിഇആർടി…

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ 50-ാം വാർഷികത്തിൽ ചരിത്രപരമായ തീരുമാനവുമായി എൻസിഇആർടി. ചരിത്രത്തിലാദ്യമായി അടിയന്തരാവസ്ഥാ കാലഘട്ടം എൻസിഇആർടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി. ഒമ്പതാം ക്ലാസിലെ സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തിലാണ് ഈ പുതിയ ഭാഗം ചേർത്തിരിക്കുന്നത്. ‘Understanding Society: India and Beyond’ എന്ന പാഠഭാഗത്തിലാണ് അടിയന്തരാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. ഇന്ത്യൻ ജനാധിപത്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് എന്നാണ് പാഠപുസ്തകം അടിയന്തരാവസ്ഥയെ വിശേഷിപ്പിച്ചിരിക്കുന്നത്.
1975-77 കാലയളവിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് പാഠഭാഗത്തിൽ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. 1970-കളുടെ തുടക്കത്തിൽ അന്നത്തെ ഇന്ദിരാഗാന്ധി സർക്കാരിനെതിരെയുള്ള പൊതുജനരോഷം വർദ്ധിച്ചുകൊണ്ടിരുന്നു. തൊഴിലില്ലായ്മ, പണപ്പെരുപ്പം, ദുർഭരണം തുടങ്ങിയ ആരോപണങ്ങൾ സർക്കാരിനെതിരെ ഉയർന്നു. തുടർന്ന് 1975 ജൂണിൽ ആഭ്യന്തര കലാപം ചൂണ്ടിക്കാട്ടി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. ഈ കാലയളവിൽ പൗരന്മാരുടെ മൗലികാവകാശങ്ങൾ താൽക്കാലികമായി നിരോധിച്ചു, മാധ്യമങ്ങൾക്ക് മേൽ സെൻസർഷിപ്പ് ഏർപ്പെടുത്തി, നിരവധി രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും തടവിലായി. ജനാധിപത്യ സ്ഥാപനങ്ങൾ കടുത്ത സമ്മർദ്ദത്തിലാവുകയും പൗരന്മാരുടെ സ്വാതന്ത്ര്യം പൂർണ്ണമായി ഹനിക്കപ്പെടുകയും ചെയ്തു. പാഠപുസ്തകം വ്യക്തമാക്കുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരെ ശക്തമായ പോരാട്ടം നയിച്ച നേതാവ് ജയപ്രകാശ് നാരായണനെക്കുറിച്ചും (ജെ.പി) അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും പാഠഭാഗത്തിൽ ഊന്നിപ്പറയുന്നുണ്ട്. ബിഹാറിലും ഗുജറാത്തിലും വിദ്യാർത്ഥികളെയും പൗരന്മാരെയും അണിനിരത്തി അദ്ദേഹം നടത്തിയ ജനകീയ പ്രക്ഷോഭങ്ങൾ പുസ്തകത്തിൽ വിശദീകരിക്കുന്നു.
അതിനിടെ, അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളെ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ഇന്ത്യൻ ചരിത്രത്തിലെ കറുത്ത അധ്യായമായ അടിയന്തരാവസ്ഥാ കാലത്തെ അചഞ്ചലമായി പ്രതിരോധിച്ച എല്ലാ ജനാധിപത്യ വിശ്വാസികൾക്കും അദ്ദേഹം ആദരാഞ്ജലി അറിയിച്ചു. അടിയന്തരാവസ്ഥ ഭരണഘടനയ്ക്ക് നേരെയുള്ള കടുത്ത ആക്രമണമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പൗരസ്വാതന്ത്ര്യം താൽക്കാലികമായി നിർത്തിവെച്ചതും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും അറസ്റ്റുമെല്ലാം രാജ്യം സാക്ഷ്യം വഹിച്ച ക്രൂരതകളാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.



