‘മിതമായ പരിഷ്കാരങ്ങൾ ആകാം.. വാഹനങ്ങളുടെ മോഡിഫിക്കേഷൻ ഇനി ഇങ്ങനെ…

സംസ്ഥാനത്ത് വാഹനങ്ങളുടെ മോഡിഫിക്കേഷൻ പൂർണമായും നിരോധിച്ചിട്ടില്ലെങ്കിലും കർശനമായ ഉപാധികളോടെയേ അനുവദിക്കുകയുള്ളുവെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. വാഹനത്തിന്റെ സുരക്ഷാ സംവിധാനങ്ങളെയും റോഡ് സുരക്ഷയെയും ബാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ അനുവദിക്കില്ലെന്നും, നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചുള്ള മോഡിഫിക്കേഷനുകൾക്ക് മാത്രമേ അനുമതിയുണ്ടാകൂവെന്നും മന്ത്രി പറഞ്ഞു.
സുരക്ഷയെ അവഗണിച്ചുള്ളതും മറ്റ് റോഡ് ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ മാറ്റങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് അമിത ശബ്ദം പുറപ്പെടുവിക്കുന്ന എക്സോസ്റ്റുകൾ, കണ്ണഞ്ചിപ്പിക്കുന്ന തരത്തിലുള്ള ലൈറ്റുകൾ, വാഹനത്തിന്റെ ഘടനയിൽ അപകടസാധ്യത സൃഷ്ടിക്കുന്ന മാറ്റങ്ങൾ എന്നിവ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
‘വാഹന മോഡിഫിക്കേഷൻ വിഷയത്തിൽ 100 ദിവസത്തിനുള്ളിൽ ചില കാര്യങ്ങൾ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. മിതമായ പരിഷ്കാരങ്ങൾ ആകാം. ശബ്ദവും വെളിച്ചവും പുറത്തേക്ക് വരുന്ന, തീ പറത്തുന്ന തരത്തിലുള്ള പരിഷ്കരണങ്ങൾ പാടില്ല. മോഡിഫിക്കേഷനുകൾ നടത്തുന്നവർ സ്വന്തമായി ഒരു പരിധി നിശ്ചയിക്കണം. തെറ്റുകളിൽ വലുത് ചെറുത് എന്ന് നോക്കാൻ കഴിയില്ല. മോഡിഫിക്കേഷന് ചുമത്തേണ്ട ചാർജുകളെക്കുറിച്ച് ചർച്ചകൾ നടക്കുന്നതേയുള്ളു’ – സി പി ജോൺ പറഞ്ഞു.
കൊട്ടാരക്കരയിൽ ടിപ്പർ ലോറി അപകടത്തിൽ സ്കൂൾ വിദ്യാർത്ഥിക്കുൾപ്പെടെ ജീവൻ നഷ്ടമായ സംഭവത്തിലും മന്ത്രി സംസാരിച്ചു. ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി പറഞ്ഞു. ടിപ്പർ ലോറികൾക്ക് സമയ നിയന്ത്രണം ഏർപ്പെടുത്തുന്നതിലും ഫലപ്രദം പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള കർശന നടപടികളിലേക്ക് കടക്കുന്നതാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ടിപ്പറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലാത്ത സമയത്താണ് കൊട്ടാരക്കരയിൽ അപകടമുണ്ടായത്. രണ്ടോ മൂന്നോ മണിക്കൂർ അധികം നിയന്ത്രണം ഏർപ്പെടുത്തിയാൽ അവർ ബാക്കിയുള്ള സമയത്ത് ഇപ്പോഴത്തേതിലും മരണപ്പാച്ചിലാകും നടത്തുക. അത് കൂടുതൽ അപകടങ്ങൾക്ക് വഴിവയ്ക്കുകയേ ഉള്ളു. പകരം കടുത്ത നടപടികളെടുക്കണം. ഡ്രൈവർമാർ സ്വയം നിയന്ത്രിച്ചാൽ മാത്രമേ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ കഴിയുകയുള്ളു എന്നും മന്ത്രി പറഞ്ഞു.
വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിരവധി പരാതികളും അപകടസാധ്യതകളും ഉയർന്നുവരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമായി മോട്ടോർ വാഹന വകുപ്പ് പരിശോധനകൾ ശക്തമാക്കുമെന്നും, നിയമവിരുദ്ധമായി വാഹനങ്ങളിൽ മാറ്റം വരുത്തുന്നവർക്കെതിരെ നടപടി തുടരുമെന്നും മന്ത്രി അറിയിച്ചു.



