മാലിന്യ ലോറി വൈകിയത് തുണയായി, തിരിച്ചു കിട്ടിയത് ഏഴ് പവൻ സ്വർണം

മാലിന്യലോറി വരാൻ വൈകിയതിനെ തുടർന്ന് മീഞ്ചന്ത വട്ടക്കിണർ സ്വദേശിക്ക് തിരിച്ചുകിട്ടിയത് ഏഴു പവൻ സ്വർണാഭരണം. ഒരു മാസം മുമ്പ് ഹരിതകർമ സേനക്ക് നൽകിയ പഴന്തുണിക്കെട്ടിൽപെട്ടുപോയ ആഭരണങ്ങളാണ് കഴിഞ്ഞ ദിവസം ഗോഡൗണിൽ നടത്തിയ മാരത്തോൺ തിരച്ചിലിൽ തിരിച്ചുകിട്ടിയത്. വട്ടക്കിണർ വൈഎംആർസി സരോവരം റെസിഡൻസിയിൽ താമസിക്കുന്ന ശൈക്കാസ് ഹൗസിൽ അബ്ദുൽ സലാം പഴയ തുണിയിൽ പൊതിഞ്ഞ് സൂക്ഷിച്ചുവെച്ചതായിരുന്നു ആഭരണങ്ങൾ. ഇതറിയാതെ ഭാര്യ ഈ തുണിക്കെട്ടുകൾ ഹരിതകർമ സേനക്ക് കൈമാറി.നെല്ലിക്കോടുള്ള കോഴിക്കോട് കോർപറേഷന്റെ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റിയിൽ സൂക്ഷിച്ചതായിരുന്നു മാലിന്യം. മേയ് 16നായിരുന്നു സംഭവം. തമിഴ്‌നാട്, മൈസൂരു എന്നിവിടങ്ങളിലേക്കാണ് ഇവ കൊണ്ടുപോകുന്നത്. സാധാരണ ഗോഡൗണിൽ നിന്ന് ആഴ്ചയിൽ ലോഡ് കണ്ടെയിനറിൽ കൊണ്ടുപോകലാണ് പതിവ്. ഇത്തവണ തൊഴിലാളി പ്രശ്‌നത്തെ തുടർന്ന് കണ്ടെയിനർ വരാൻ വൈകിയതിനാൽ സ്വർണമടക്കമുള്ള മാലിന്യക്കെട്ട് ഗോഡൗണിൽ തന്നെ കിടന്നു.

ലോറി വൈകിയതാണ് അബ്ദുൽ സലാമിന് ഭാഗ്യമായത്. കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിൽ സൂക്ഷിച്ച സ്വർണാഭരണം കാണാതായതിനെ തുടർന്ന് ഹരിതകർമസേനക്ക് വിളിയെത്തിയത്. ഹരിത കർമസേനാംഗങ്ങളായ ഇബ്രാഹീം, ബാബു എന്നിവരടങ്ങുന്ന സംഘത്തെ വിളിച്ച് അബ്ദുൽ സലാം കാര്യം പറഞ്ഞു. തൊഴിലാളികൾ ഉടൻതന്നെ ഗോഡൗണിലെത്തി ചാക്കുകൾ തുറന്ന് പരിശോധിച്ചു. അന്ന് കണ്ടെത്താനായില്ല. പിറ്റേന്നും മണിക്കൂറുകൾ നീണ്ട തിരച്ചിൽ. അബ്ദുൽ സലാമും കുടുംബവും തിരയാൻ കൂടി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ സ്വർണാഭരണങ്ങൾ കണ്ടെത്തുകയായിരുന്നു.

Related Articles

Back to top button