​കൊല്ലത്ത് വാക്സിനെടുത്ത മൂന്നര മാസം പ്രായമുള്ള കുഞ്ഞിന് ചികിത്സാപ്പിഴവെന്ന് പരാതി….

കൊല്ലം: പ്രതിരോധ വാക്സിൻ കുത്തിവെച്ചതിന് പിന്നാലെ മൂന്നര മാസം പ്രായമുള്ള കുഞ്ഞിന് തുടയിൽ കടുത്ത വീക്കവും പഴുപ്പും രൂപപ്പെട്ടതായി പരാതി. ആരോഗ്യപ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാപ്പിഴവാണ് ഇതിന് കാരണമെന്ന് ആരോപിച്ച് കുട്ടിയുടെ രക്ഷിതാക്കൾ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി. അച്ചൻകോവിൽ പൊങ്ങലിൽ വീട്ടിൽ അപർണ – ശ്യാം ദമ്പതികളുടെ കുഞ്ഞിനാണ് ഈ ദുരവസ്ഥയുണ്ടായത്.

ഈ മാസം മൂന്നിനായിരുന്നു സംഭവം. അച്ചൻകോവിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നാണ് കുട്ടിക്ക് രണ്ടര മാസത്തെ പതിവ് പ്രതിരോധ വാക്സിൻ നൽകിയത്. കുത്തിവെയ്പ്പെടുത്തതിന് പിന്നാലെ കുഞ്ഞിന്‍റെ തുടയിൽ നീർക്കെട്ടുണ്ടാവുകയും കല്ലിക്കുകയും ചെയ്തു. വിവരം ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും കൃത്യമായ മാർഗ്ഗനിർദ്ദേശമോ സഹായമോ നൽകാൻ അവരോ കുത്തിവയ്പ് എടുത്തവരോ തയ്യാറായില്ലെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും നീർവീക്കം കുറയാതിരിക്കുകയും കുഞ്ഞിന് കടുത്ത പനി ബാധിക്കുകയും ചെയ്തു. തുടർന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം എസ്‌.എ.ടി ആശുപത്രിയിലും കുട്ടിയെ പ്രവേശിപ്പിച്ചു. കുത്തിവെച്ച ഭാഗത്ത് കടുത്ത രീതിയിൽ പഴുപ്പ് ബാധിച്ചതിനെ തുടർന്ന് എസ്‌.എ.ടി ആശുപത്രിയിൽ വെച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് ഇത് നീക്കം ചെയ്തത്.

കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങളോ അണുബാധകളോ മുൻപ് ഉണ്ടായിരുന്നില്ലെന്ന് അച്ചൻകോവിൽ ആശുപത്രിയിലെ ഡോക്ടർ സമ്മതിച്ചിട്ടുണ്ട്. എന്നാൽ, വാക്സിൻ എടുത്ത ശേഷം ചില കുട്ടികളിൽ കുത്തിവയ്ക്കുന്ന ഭാഗത്ത് വീക്കമോ പഴുപ്പോ വരുന്നത് അപൂർവമായി സംഭവിക്കാറുള്ളതാണെന്നാണ് ഡോക്ടറുടെ വിശദീകരണം. വളരെ ചെറിയൊരു ശതമാനം കുട്ടികളിൽ ഇത്തരം ലക്ഷണങ്ങൾ രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കാറുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. സംഭവത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയ കുടുംബം, കുറ്റക്കാരായ ആരോഗ്യപ്രവർത്തകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്.

Related Articles

Back to top button