കൈയുടെ ചലനശേഷി നഷ്ടപ്പെടുമെന്ന് പറഞ്ഞിട്ടും…. ഒമ്പതുവയസ്സുകാരിക്ക് ചികിത്സാ നിഷേധമെന്ന് പരാതി

വയനാട്: വയനാട് മാനന്തവാടി മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാ നിഷേധ ആരോപണവുമായി ഒമ്പതുവയസ്സുകാരിയുടെ കുടുംബം. സ്കൂളിൽ വെച്ച് വീണ് കൈക്ക് ഗുരുതരമായി പരിക്കേറ്റ എടവക സ്വദേശി ജ്യോതിഷിന്റെ മകൾ തനുജയ്ക്കാണ് മെഡിക്കൽ കോളേജിൽ നിന്ന് ദുരനുഭവം ഉണ്ടായത്. പരുക്ക് അതീവ ഗുരുതരമാണെന്നും എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ കൈയുടെ ചലനശേഷി വരെ നഷ്ടപ്പെടുമെന്ന് ഡോക്ടർമാർ തന്നെ പറഞ്ഞിട്ടും, ‘ഇന്ന് സർജറി ദിവസമല്ല’ എന്ന വിചിത്രമായ കാരണം പറഞ്ഞ് കുട്ടിയെ മടക്കി അയക്കുകയായിരുന്നു.
കമ്മന നവോദയം യുപി സ്കൂളിൽ വെച്ച് തെന്നിവീണ തനുജയെ അധ്യാപകരാണ് ആദ്യം മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചത്. എക്സ്-റേ പരിശോധനയിൽ കുട്ടിയുടെ കൈമുട്ടിന്റെ എല്ല് പൊട്ടി കുറച്ച് നീങ്ങിപ്പോയതായി കണ്ടെത്തി. തുടർന്ന് പരിശോധിച്ച അസ്ഥിരോഗ വിദഗ്ദ്ധൻ അടിയന്തര സർജറി വേണമെന്ന് നിർദ്ദേശിച്ചെങ്കിലും, അത് ചെയ്യാനുള്ള സജ്ജീകരണങ്ങളോ ഡോക്ടർമാരോ മെഡിക്കൽ കോളേജിൽ ഇല്ലെന്ന മറുപടിയാണ് അധികൃതർ നൽകിയത്.
മെഡിക്കൽ കോളേജിൽ നിന്ന് കൃത്യമായ ചികിത്സ ലഭിക്കാതെ വന്നതോടെ, ഗത്യന്തരമില്ലാതെ മാതാപിതാക്കൾ കുട്ടിയെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. വയനാട്ടിലെ പ്രധാന സർക്കാർ ആരോഗ്യകേന്ദ്രമായിട്ടും അടിയന്തര ഘട്ടങ്ങളിൽ പോലും രോഗികളോട് അനാസ്ഥ കാണിക്കുന്ന മെഡിക്കൽ കോളേജിന്റെ നടപടിക്കെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്.



