‘വിടുവായത്തം നിർത്തി വകുപ്പ് നയിക്കൂ’…. ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ വീണ ജോർജ്

സംസ്ഥാനത്ത് പകർച്ചവ്യാധി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ വകുപ്പുകളുടെ ഏകോപനമില്ലായ്മ ചൂണ്ടിക്കാട്ടി നിലവിലെ ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ രൂക്ഷവിമർശനവുമായി മുൻ ആരോഗ്യമന്ത്രി വീണ ജോർജ് രംഗത്ത്. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് പനി ബാധിച്ച് 87 പേർ മരിച്ചെന്ന അതീവ ഗുരുതരമായ യാഥാർത്ഥ്യം മുന്നിൽ നിൽക്കുമ്പോഴാണ് ആരോഗ്യമന്ത്രി കാര്യങ്ങളെ നിസ്സാരമായി കാണുന്നതെന്ന് വീണ ജോർജ് കുറ്റപ്പെടുത്തി. വിടുവായത്തം നിർത്തി കൃത്യമായ ഏകോപനത്തോടെ വകുപ്പിനെ നയിക്കണമെന്നും അവർ ആവശ്യപ്പെട്ടു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുൻ ആരോഗ്യമന്ത്രി നിലവിലെ മന്ത്രിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചത്.
സംസ്ഥാനത്ത് പകർച്ചവ്യാധി രൂക്ഷമാകുന്ന സാഹചര്യം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ഇതിന് സഭയിൽ മറുപടി പറയവേ, പ്രതിപക്ഷം ഉയർത്തിയ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടിയപ്പോൾ ’10 വർഷത്തെ റീൽസും 5 വർഷത്തെ വീണമീട്ടലുമാണ് പ്രശ്നം’ എന്ന് കെ. മുരളീധരൻ പരിഹസിച്ചിരുന്നു. ഇതിനെതിരെയാണ് വീണ ജോർജ് ശക്തമായി തിരിച്ചടിച്ചത്. സോണിയാ ഗാന്ധിയെ മദാമ്മയെന്നും അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്നും വിളിച്ച മുരളീധരനിൽ നിന്നും ഇക്കാലമത്രയായിട്ടും യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ഇടയ്ക്കിടെ ജനങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
മുൻ എൽഡിഎഫ് സർക്കാരിന്റെ ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ ഇപ്പോഴത്തെ ആരോഗ്യമന്ത്രിക്ക് വലിയ പ്രശ്നമായി തോന്നാം. കാരണം, അന്ന് ഏറ്റവും കൂടുതൽ കള്ളങ്ങൾ പ്രചരിപ്പിച്ച് അന്യായമായും നീതിരഹിതമായും ആരോഗ്യവകുപ്പിനെയും മന്ത്രിയെയും പ്രതിപക്ഷത്തിരുന്ന് ആക്രമിച്ചതിലും അധിക്ഷേപിച്ചതിലും മുന്നിൽ നിന്ന ആളുകളിൽ ഒരാളാണ് ഇന്നത്തെ ആരോഗ്യമന്ത്രി കെ. മുരളീധരൻ. അന്ന് അവർ പറഞ്ഞ വാക്കുകളൊക്കെ ഇന്ന് ബൂമറാങ് പോലെ പറഞ്ഞവരിലേക്ക് തന്നെ ശക്തമായി തിരിച്ചെത്തുന്നത് നാം കണ്ടുതുടങ്ങിയിട്ടുണ്ടെന്നും വീണ ജോർജ് ഓർമ്മിപ്പിച്ചു. പകർച്ചവ്യാധി മൂലം ജനങ്ങൾ വലിയ ഭീതിയിലായിരിക്കുന്ന ഈ ഘട്ടത്തിൽ, വകുപ്പിനെ കൃത്യമായ ഏകോപനത്തോടെ നയിച്ച് ജനങ്ങളുടെ ആശങ്ക അകറ്റാൻ ഫലപ്രദമായ ഇടപെടൽ നടത്തുകയാണ് ഒരു ആരോഗ്യമന്ത്രി ചെയ്യേണ്ടതെന്നും വിദ്വേഷ പ്രസ്താവനകളല്ല വേണ്ടതെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.



