വനിതാ കോച്ചിൽ കയറുന്ന പുരുഷന്മാർക്ക് വൻ പണി… ഇന്ത്യൻ റെയിൽവേയുടെ പുതിയ വിജ്ഞാപനം

ട്രെയിനുകളിൽ വനിതകൾക്കായി സംവരണം ചെയ്തിരിക്കുന്ന കോച്ചുകളിലും സീറ്റുകളിലും അനധികൃതമായി പ്രവേശിക്കുകയും യാത്ര ചെയ്യുകയും ചെയ്യുന്ന പുരുഷന്മാർക്കെതിരെ അതീവ കർശന നടപടികളുമായി ഇന്ത്യൻ റെയിൽവേ. പുതിയ ‘ജന വിശ്വാസ് ആക്ട്, 2026’ പ്രകാരം വനിതാ കോച്ചുകളിൽ അതിക്രമിച്ചു കയറുന്നവർക്കുള്ള പിഴ തുക 500 രൂപയിൽ നിന്നും 2,500 രൂപയായി കുത്തനെ വർദ്ധിപ്പിച്ചുകൊണ്ട് റെയിൽവേ മന്ത്രാലയം ഉത്തരവിറക്കി. സാധാരണ കോച്ചുകളിൽ യാത്രക്കാർക്ക് ആവശ്യത്തിന് സ്ഥലവും മറ്റ് സൗകര്യങ്ങളും ലഭ്യമായിട്ടും പുരുഷന്മാർ വനിതാ കോച്ചുകളിലേക്ക് പ്രവേശിക്കുന്നത് തുടരുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ സുരക്ഷാ പരിഷ്കാരം.

2026 ജൂൺ 19-ന് റെയിൽവേ മന്ത്രാലയം ‘ഗസറ്റ് ഓഫ് ഇന്ത്യ’യിൽ പ്രസിദ്ധീകരിച്ച ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച് നടപടികൾ സ്വീകരിക്കും. ഒരു പുരുഷ യാത്രക്കാരൻ മനഃപൂർവ്വം വനിതാ കോച്ചിൽ പ്രവേശിക്കുകയോ, സ്ത്രീകൾക്കായി മാറ്റിവെച്ച സീറ്റിൽ ഇരിക്കുകയോ ചെയ്താൽ അത് റെയിൽവേ ആക്ടിലെ സെക്ഷൻ 162-ന്റെ ലംഘനമായി കണക്കാക്കും. നിയമലംഘനം നടത്തുന്ന പുരുഷന്മാരിൽ നിന്നും സ്പോട്ടിൽ 2,500 രൂപ പിഴ ഈടാക്കും. കൂടാതെ അവരുടെ യാത്രാ ടിക്കറ്റ് റദ്ദാക്കാനോ പിടിച്ചെടുക്കാനോ റെയിൽവേ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും. നിയമം ലംഘിക്കുന്ന യാത്രക്കാരോട് അടുത്ത സ്റ്റേഷനിലോ അല്ലെങ്കിൽ ട്രെയിനിൽ വെച്ചോ ഉടനടി ഇറങ്ങിപ്പോകാൻ നിർദ്ദേശിക്കാൻ റെയിൽവേ ജീവനക്കാർക്ക് പൂർണ്ണ അവകാശമുണ്ടായിരിക്കും.

പിഴ അടയ്ക്കാൻ വിസമ്മതിക്കുന്ന യാത്രക്കാരെ റെയിൽവേ സംരക്ഷണ സേനയുടെ സഹായത്തോടെ നേരിട്ട് കോടതിയിൽ ഹാജരാക്കും. അത്തരം സാഹചര്യങ്ങളിൽ കോടതി ചുമത്തുന്ന പിഴ തുക 5,000 രൂപ വരെ ഉയരാൻ സാധ്യതയുണ്ടെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്. ഈ കുറ്റത്തിന് കുറഞ്ഞത് 2,500 രൂപ പിഴയെങ്കിലും ഈടാക്കണമെന്നാണ് നിയമം നിർദ്ദേശിക്കുന്നത്. എന്നാൽ എന്തെങ്കിലും പ്രത്യേക സാഹചര്യത്തിൽ കോടതി ശിക്ഷാ തുക കുറയ്ക്കുകയാണെങ്കിൽ, അതിനുള്ള കൃത്യമായ കാരണം കോടതി വിധിന്യായത്തിൽ രേഖപ്പെടുത്തേണ്ടതുണ്ട്. അതേസമയം, ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്ന വ്യക്തികൾക്കെതിരെ ഈ നിയമപ്രകാരം നടപടിയെടുക്കില്ലെന്നും വിജ്ഞാപനത്തിൽ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്. ട്രെയിനുകളിൽ സ്ത്രീ യാത്രക്കാരുടെ സുരക്ഷയും സ്വകാര്യതയും പൂർണ്ണമായും ഉറപ്പാക്കാനും അവർക്ക് ഭയരഹിതമായ യാത്രാ അന്തരീക്ഷം സൃഷ്ടിക്കാനും റെയിൽവേയുടെ ഈ പുതിയ കടുത്ത തീരുമാനം വഴി സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Back to top button