രണ്ട് ബസുകളിലായെത്തി, കോട്ടയത്തേക്ക് ഒരുമിച്ച് പോകാൻ കാത്തുനിന്നു…. ഒടുവിൽ സംഭവിച്ചത്….

തൃശൂർ: അടിവസ്ത്രത്തിലും പാന്റ്സിന്റെ പോക്കറ്റിലുമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവും യുവതിയും തൃശൂരിൽ പോലീസിന്റെ പിടിയിലായി. കോട്ടയം പൊൻകുന്നം പുതുപറമ്പിൽ എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി ഷാഹുൽ സുനീർ (29) എന്നിവരെയാണ് വടക്കഞ്ചേരി പോലീസും ഡാൻസാഫ് സ്‌ക്വാഡും ചേർന്ന് പിടികൂടിയത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം വെച്ചായിരുന്നു സിനിമാറ്റിക് രീതിയിലുള്ള ഈ അറസ്റ്റ്.
സുഹൃത്തുക്കളായ എലിസബത്തും ഷാഹുലും ബെംഗളൂരുവിൽ നിന്നാണ് മാരക ലഹരിമരുന്നായ എംഡിഎംഎ വാങ്ങിയതെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ലഹരി കടത്തുന്നത് ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ ഇരുവരും ബെംഗളൂരുവിൽ നിന്നും വ്യത്യസ്ത ട്രാവൽസ് ബസുകളിലായിരുന്നു കേരളത്തിലേക്ക് പുറപ്പെട്ടത്. പന്നിയങ്കരയിൽ ബസ് ഇറങ്ങിയ ശേഷം ഇരുവരും ഒന്നിച്ച് കോട്ടയത്തേക്കുള്ള മറ്റൊരു ബസിൽ കയറാൻ കാത്തുനിൽക്കുന്നതിനിടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം ഇവരെ വളഞ്ഞത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഷാഹുലിന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും എലിസബത്തിന്റെ അടിവസ്ത്രത്തിനുള്ളിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎ പാക്കറ്റുകൾ പോലീസ് കണ്ടെടുക്കുകയായിരുന്നു.
സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെ പോലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി ജില്ലാ പോലീസ് മേധാവി അബ്ദുൽ റാഷിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ മിന്നൽ പരിശോധന. പ്രതികൾക്ക് മറ്റ് അന്തർ സംസ്ഥാന ലഹരി കടത്ത് സംഘങ്ങളുമായി വലിയ ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവരുടെ പേരിൽ നിലവിൽ മറ്റ് കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കോടതിയിൽ ഹാജരാക്കിയ പ്രതികളെ നിലവിൽ റിമാൻഡ് ചെയ്തിട്ടുണ്ട്. വടക്കഞ്ചേരി സി.ഐ എബി എം.പി, എസ്.ഐ ഫാദിൽ റഹ്മാൻ, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ബ്ലെസൻ ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്. സംഭവത്തിൽ വിപുലമായ അന്വേഷണം തുടരുമെന്ന് പോലീസ് അറിയിച്ചു.



