‘കള്ളനെ കള്ളനെന്നല്ലാതെ എന്തുപറയും, വെള്ളാപ്പള്ളി പറഞ്ഞത് സത്യം’…. തുഷാർ വെള്ളാപ്പള്ളി

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്നാലെ അന്തരിച്ച കെ.കെ. മഹേശനെതിരെ കടുത്ത അധിക്ഷേപവുമായി ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയും രംഗത്ത്. കെ.കെ. മഹേശനെ കള്ളനെ കള്ളൻ എന്നല്ലാതെ എന്തുപറയുമെന്നാണ് തുഷാറിന്റെ വിവാദ പരാമർശം. മൈക്രോഫിനാൻസ് കേസുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശൻ പറഞ്ഞ കാര്യങ്ങളെല്ലാം പൂർണ്ണമായും സത്യമാണെന്നും, ആ സത്യം വിളിച്ചു പറയുന്നതിൽ എന്താണ് പ്രശ്നമെന്നും തുഷാർ ചോദിച്ചു. അതിനിടയിൽ, ശ്രീനാരായണീയ പ്രസ്ഥാനങ്ങൾ സംശുദ്ധമാകണമെന്ന ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയുടെ പരാമർശത്തിനും തുഷാർ വെള്ളാപ്പള്ളി ശക്തമായ ഭാഷയിൽ മറുപടി നൽകി.

ശിവഗിരി മഠവും എസ്എൻഡിപി യോഗവും രണ്ടും രണ്ടാണെന്ന് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. ശിവഗിരി മഠവുമായി എസ്എൻഡിപി യൂണിയന് യാതൊരുവിധ ഔദ്യോഗിക ബന്ധവുമില്ല. അങ്ങനെയുള്ളപ്പോൾ അവർക്ക് എങ്ങനെയാണ് എസ്എൻഡിപിയുടെ ആഭ്യന്തര നിലപാടുകളെയും അഭിപ്രായങ്ങളെയും കുറിച്ച് പറയാൻ കഴിയുക? പാടില്ലാത്തത് ഒന്നും തന്നെ എസ്എൻഡിപി യൂണിയനിൽ നിലവിൽ നടക്കുന്നില്ല. അനാവശ്യമായ കെട്ടുകഥകൾ ആരും പ്രചരിപ്പിക്കാൻ നോക്കേണ്ട. മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരനെതിരെയും തുഷാർ കടുത്ത രാഷ്ട്രീയ ആരോപണം ഉന്നയിച്ചു. വി.എം. സുധീരന്റേത് വെറും പ്രതികാര രാഷ്ട്രീയമാണെന്നും, മുൻപ് ആലപ്പുഴയിൽ നിന്നും കെട്ടുകെട്ടിച്ചതിന്റെ വ്യക്തിപരമായ വിരോധം അദ്ദേഹം തുടരെത്തുടരെ തീർക്കുകയാണെന്നും തുഷാർ കുറ്റപ്പെടുത്തി.

അതേസമയം, കെ.കെ. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് വി.എം. സുധീരൻ മുഖേന മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രിക്കും മഹേശന്റെ കുടുംബം വീണ്ടും പരാതി നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് മഹേശൻ ജീവനൊടുക്കിയ സംഭവത്തിൽ നിഷ്പക്ഷമായ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് വി.എം. സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. എന്നാൽ ഇതുവരെയും ഈ കത്തിൽ ഔദ്യോഗികമായ തുടർനടപടികൾ ഒന്നും ഉണ്ടായിട്ടില്ല. എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയും മൈക്രോഫിനാൻസ് കോ-ഓർഡിനേറ്ററുമായിരുന്ന കെ.കെ. മഹേശനെ 2020 ജൂണിലാണ് യൂണിയൻ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ തന്നെ ബലിയാടാക്കി രക്ഷപ്പെടാൻ വെള്ളാപ്പള്ളി ശ്രമിക്കുന്നുവെന്ന് ആരോപിക്കുന്ന 32 പേജുള്ള ആത്മഹത്യാക്കുറിപ്പ് അന്ന് വലിയ ചർച്ചയായിരുന്നു. പിന്നീട് കോടതി നിർദ്ദേശപ്രകാരം വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, അശോകൻ എന്നിവരെ പ്രതിയാക്കിയെങ്കിലും മുൻ ഇടത് സർക്കാരിന്റെ കാലത്ത് അന്വേഷണം വെള്ളാപ്പള്ളി കുടുംബത്തിലേക്ക് എത്തിയിരുന്നില്ല.

Related Articles

Back to top button