എട്ടുവയസ്സുകാരന് അധ്യാപകന്റെ ക്രൂരമർദ്ദനം… അധ്യാപകന്….

കോഴിക്കോട്: നാദാപുരത്ത് എട്ട് വയസുകാരനായ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ അധ്യാപകന് സസ്പെൻഷൻ. വേവം എൽപി സ്കൂളിലെ അധ്യാപകനായ ജംഷീറിനെയാണ് സംഭവത്തെ തുടർന്ന് സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തത്. വേവം കരുവാൻ കുന്നുമ്മൽ ഇസ്മയിലിന്റെ മകൻ മുഹമ്മദ് സിനാനാണ് (8) അധ്യാപകന്റെ മർദ്ദനത്തിനിരയായത്.
കഴിഞ്ഞ ദിവസം വീട്ടിലെത്തിയ കുട്ടിയെ കുളിപ്പിക്കുന്നതിനിടയിലാണ് കാലിൽ വടികൊണ്ട് ശക്തമായി അടിയേറ്റ പാടുകൾ മാതാവിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് മാതാപിതാക്കൾ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് സ്കൂളിലെ അധ്യാപകൻ മർദ്ദിച്ച വിവരം പുറത്തറിയുന്നത്. സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയ കുടുംബം നാദാപുരം പോലീസിലും ചൈൽഡ് ലൈനിലും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. കുട്ടിയെ മർദ്ദിച്ച സംഭവം വിവാദമായതോടെയാണ് സ്കൂൾ മാനേജ്മെന്റ് അധ്യാപകനെതിരെ അടിയന്തരമായി സസ്പെൻഷൻ നടപടി സ്വീകരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



