സിപിഎം പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം… ഒഴിവാക്കേണ്ടതായിരുന്നുവെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥർക്കെതിരെ സിപിഎം പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായ അക്രമസംഭവങ്ങൾ സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നീണ്ടുപോയ ഇഡി നടപടികളിൽ പ്രതിഷേധിച്ച പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായ സ്വാഭാവിക പ്രതികരണമായിരുന്നു അതെങ്കിലും, ഇത്തരം നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
ഏകദേശം എട്ടു മണിക്കൂറോളം നീണ്ടുനിന്ന ഇഡി റെയ്ഡിനെത്തുടർന്നാണ് പ്രവർത്തകരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉണ്ടായത്. രാഷ്ട്രീയ നീക്കങ്ങൾ നടക്കുമ്പോഴാണ് പാർട്ടി രാഷ്ട്രീയമായി അതിനെ പ്രതിരോധിക്കുന്നത്. ഇതിലേക്ക് പിണറായി വിജയനെ അനാവശ്യമായി വലിച്ചിഴക്കുന്നതിനെയാണ് പാർട്ടി എതിർക്കുന്നതെന്നും എം.വി ഗോവിന്ദൻ വിശദീകരിച്ചു.



