‘50% നികുതി ഇളവ് വെറും പ്രഹസനം, ദിവസേനയുള്ള ലാഭം 140 രൂപയിൽ താഴെ’…. ബജറ്റ് പ്രഖ്യാപനത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ

കൊച്ചി: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 50 ശതമാനം ത്രൈമാസ നികുതി ഇളവ് സ്വകാര്യ ബസ് മേഖലയ്ക്ക് യാതൊരു പ്രയോജനവും ചെയ്യില്ലെന്ന് വ്യക്തമാക്കി ബസ് ഉടമകൾ സർക്കാരിനെതിരെ രംഗത്ത്. സർക്കാരിന്റേത് വലിയ പ്രഖ്യാപനമായി തോന്നാമെങ്കിലും തങ്ങൾക്ക് ഇതുകൊണ്ട് യാതൊരുവിധ നേട്ടവുമില്ലെന്ന് കൊച്ചിയിൽ ചേർന്ന വാർത്താസമ്മേളനത്തിൽ ബസ് ഉടമകൾ വ്യക്തമാക്കി. സർക്കാരിന്റെ ഇരട്ടത്താപ്പ് നയം കാരണം സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല പൂർണ്ണ തകർച്ചയിലാണെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു.

സർക്കാർ പ്രഖ്യാപിച്ച 50 ശതമാനം നികുതി ഇളവ് പ്രാബല്യത്തിൽ വന്നാൽ പോലും ഒരു ബസിന്റെ നിത്യേനയുള്ള ചെലവിൽ നിന്നും കേവലം 106.50 രൂപ മുതൽ 142.50 രൂപ വരെ മാത്രമാണ് കുറയുന്നത്. കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾ കാരണം ഒരു ദിവസം 1,000 രൂപ മുതൽ 6,000 രൂപ വരെ വലിയ നഷ്ടമാണ് സ്വകാര്യ ബസുകൾക്ക് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ എങ്ങനെ മുന്നോട്ട് പോകുമെന്നറിയില്ല. പ്രതിസന്ധി രൂക്ഷമായതിനാൽ വരും ദിവസങ്ങളിൽ, കൃത്യമായി പറഞ്ഞാൽ ജൂൺ 30ഓടെ നിരവധി ബസുകളുടെ സർവീസ് പൂർണ്ണമായി നിർത്താനുള്ള ആലോചനയിലാണ് ഉടമകൾ.

കെഎസ്ആർടിസി ഇല്ലാത്ത റൂട്ടുകളിൽ മാത്രമാണ് നിലവിൽ സ്വകാര്യ ബസുകൾക്ക് നേരിയ രീതിയിലെങ്കിലും പിടിച്ചുനിൽക്കാൻ സാധിക്കുന്നത്. കെഎസ്ആർടിസിക്ക് നൽകുന്നതുപോലെ കൃത്യമായ തുക സർക്കാർ സബ്‌സിഡിയായി നൽകാൻ തയ്യാറാണെങ്കിൽ സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര നൽകാൻ തങ്ങൾ തയ്യാറാണെന്ന് ഉടമകൾ പ്രഖ്യാപിച്ചു. ഈ വിഷയങ്ങളിലെ തങ്ങളുടെ ആശങ്കകൾ പലതവണ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് അറിയിച്ചതാണെങ്കിലും യാതൊരുവിധ പരിഗണനയും ലഭിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി. സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ സർക്കാർ ഒട്ടും തയ്യാറാകുന്നില്ലെന്നാണ് ഉടമകളുടെ പ്രധാന ആക്ഷേപം. ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറാകുന്നില്ല, വിദ്യാർത്ഥികളുടെ കൺസെൻഷൻ നിരക്കുകളിൽ മാറ്റം വരുത്തുന്നില്ല, കൂടാതെ ഇന്ധനവില വർദ്ധനവിന് ആശ്വാസമായി ഡീസൽ സബ്‌സിഡി പ്രഖ്യാപിക്കാനും സർക്കാർ തയ്യാറായിട്ടില്ല. ഈ അവഗണനകൾ തുടർന്നാൽ സ്വകാര്യ ബസ് മേഖല പൂർണ്ണമായി ഇല്ലാതാകും. എങ്കിലും നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് ഒരു സമര പ്രഖ്യാപനത്തിനില്ലെന്നും ബസ് ഉടമകൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Related Articles

Back to top button