വീണ വിജയന്റെ ബാങ്ക് ലോക്കർ തുറന്ന് ഇ.ഡി… സി.എം.ആർ.എൽ-എക്സാലോജിക് കേസിൽ തിരുവനന്തപുരത്ത് വൻ പരിശോധന

തിരുവനന്തപുരം: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിക്കെതിരെ (വീണ വിജയൻ) അന്വേഷണം ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). തിരുവനന്തപുരത്തെ എച്ച്.ഡി.എഫ്.സി ബാങ്കിലുള്ള വീണയുടെ ബാങ്ക് ലോക്കറിൽ ഇ.ഡി ഉദ്യോഗസ്ഥർ വിപുലമായ പരിശോധന നടത്തി. ഇതിനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് തിരുവനന്തപുരത്ത് എത്തിച്ചേരുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട അന്വേഷണ നടപടിക്രമങ്ങളുടെ ഭാഗമായി ഇ.ഡി നേരത്തെ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ലോക്കർ പരിശോധന. വിവാദമായ ഈ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വീണ വിജയന്റെ ബാങ്ക് അക്കൗണ്ട് നേരത്തെ തന്നെ ഇ.ഡി മരവിപ്പിച്ചിരുന്നു. കൂടാതെ, കൊച്ചിയിലെ ഇ.ഡി ഓഫീസിൽ വിളിച്ചുവരുത്തി അവരെ വിശദമായി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ആകെ 242 അക്കൗണ്ടുകളിലായി ഏകദേശം 18.36 കോടി രൂപയാണ് ഇ.ഡി മരവിപ്പിച്ചിട്ടുള്ളത്. ഈ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ തുടരന്വേഷണത്തിലാണ് വീണയ്ക്ക് ബാങ്കിൽ ലോക്കറുമുണ്ടെന്ന വിവരം ഇ.ഡിക്ക് ലഭിക്കുന്നത്.
സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാ ലോജിക്കിലേക്ക് കൈമാറിയ 2.78 കോടി രൂപയുടെ വിനിയോഗം സംബന്ധിച്ചാണ് പ്രധാനമായും ഇ.ഡി അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിൽ ഈ പണമിടപാടുകൾ സംബന്ധിച്ച് കൃത്യമായ മറുപടി നൽകാൻ വീണയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ഇ.ഡി വൃത്തങ്ങൾ നൽകുന്ന സൂചന. കമ്പനികൾക്ക് നൽകിയ ഐടി സേവനത്തിനുള്ള പ്രതിഫലമായാണ് ഈ പണം ലഭിച്ചതെന്ന വാദത്തിൽ തൃപ്തികരമായ രേഖകളോ വിശദീകരണമോ ഹാജരാക്കാൻ അവർക്ക് സാധിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് പണത്തിന്റെ യഥാർത്ഥ ഉറവിടവും വിനിയോഗവും കണ്ടെത്താൻ ബാങ്ക് ലോക്കറുകൾ ഉൾപ്പെടെ പരിശോധിക്കാൻ ഇ.ഡി തീരുമാനിച്ചത്.



