നിവിൻ പോളിയുമായുള്ള സിനിമാ നിർമ്മാണ തർക്കം മധ്യസ്ഥതയ്ക്ക് വിടണമെന്ന ലിസ്റ്റിൻ സ്റ്റീഫന്റെ ആവശ്യം കോടതി തള്ളി

കൊച്ചി: നടൻ നിവിൻ പോളിയുമായുള്ള സിനിമാ നിർമ്മാണ തർക്കത്തിൽ പ്രമുഖ നിർമ്മാതാവും മാജിക് ഫ്രെയിംസ് ഉടമയുമായ ലിസ്റ്റിൻ സ്റ്റീഫന് വൻ തിരിച്ചടി. സാമ്പത്തിക തർക്കങ്ങൾ മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിക്കണമെന്ന ലിസ്റ്റിൻ സ്റ്റീഫന്റെ ആവശ്യം എറണാകുളം മുൻസിഫ് കോടതി തള്ളി. ‘രാമചന്ദ്ര ബോസ് ആൻഡ് കോ’, ‘മലയാളി ഫ്രം ഇന്ത്യ’ എന്നീ ചിത്രങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിവിൻ പോളിയുടെ ‘പോളി ജൂനിയർ പിക്ചേഴ്സും’ ലിസ്റ്റിൻ സ്റ്റീഫന്റെ ‘മാജിക് ഫ്രെയിംസും’ തമ്മിൽ നിലനിൽക്കുന്ന തർക്കത്തിലാണ് കോടതിയുടെ നിർണായക നടപടി.

‘രാമചന്ദ്ര ബോസ് ആൻഡ് കോ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഇരുപക്ഷവും തമ്മിൽ ഒപ്പുവെച്ച കരാറിൽ നിർബന്ധിത ആർബിട്രേഷൻ വ്യവസ്ഥ ഇല്ലെന്ന് കോടതി കണ്ടെത്തി. തർക്കവിഷയമായ കരാറിന്റെ യഥാർത്ഥ രേഖകൾ കോടതിക്ക് കൈമാറാൻ ലിസ്റ്റിൻ സ്റ്റീഫന് സാധിച്ചില്ല. ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ ചില പ്രസ്താവനകൾക്കെതിരെ ഉയർന്ന അപകീർത്തി കുറ്റം മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിക്കാൻ നിയമപരമായി സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. രാമചന്ദ്ര ബോസ് ആൻഡ് കോ’ എന്ന ചിത്രത്തിന്റെ നിർമ്മാണത്തിനായി കരാർ ഒപ്പുവെച്ചത് മുതലുള്ള ഗുരുതര ആരോപണങ്ങളാണ് നിവിൻ പോളിയുടെ നിർമ്മാണ കമ്പനി ലിസ്റ്റിനെതിരെ ഉന്നയിച്ചിരിക്കുന്നത്.

മാജിക് ഫ്രെയിംസ് സിനിമയുടെ സുപ്രധാന സാമ്പത്തിക വിവരങ്ങൾ മറച്ചുവെക്കുകയും വരുമാന രേഖകളിൽ കൃത്രിമത്വം കാണിക്കുകയും ചെയ്തു. കൃത്യമായ രേഖകളില്ലാതെ 7.5 കോടി രൂപയുടെ ബാധ്യത തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു. 5.5 കോടി രൂപയുടെ ബാങ്ക് ലോൺ തിരിച്ചടച്ചിട്ടും, സെക്യൂരിറ്റിയായി നൽകിയിരുന്ന തീയതി രേഖപ്പെടുത്താത്ത ചെക്കുകൾ ലിസ്റ്റിൻ സ്റ്റീഫൻ മടക്കി നൽകിയില്ല. കോർപ്പറേറ്റ് സുതാര്യത പുലർത്താതെ വഞ്ചനാപരമായ സമീപനമാണ് മാജിക് ഫ്രെയിംസ് സ്വീകരിച്ചത്. ഇതിനുപുറമേ, നിവിൻ പോളി നായകനായ ‘മലയാളി ഫ്രം ഇന്ത്യ’ എന്ന ചിത്രത്തിന്റെ ലാഭവിഹിതം പങ്കുവെക്കുന്നതുമായും ഇരുവർക്കുമിടയിൽ വലിയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. തർക്കങ്ങൾക്കിടെ ലിസ്റ്റിൻ സ്റ്റീഫൻ തനിക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയതായും നിവിൻ പോളി ആരോപിച്ചിരുന്നു.

Related Articles

Back to top button