സംസ്ഥാന സർക്കാരിന് മേൽ കടുത്ത സമ്മർദ്ദം… പിഎം ശ്രീ വിഷയത്തിൽ വിമർശനവുമായി എസ്‌വൈഎസ്….

കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതിനെതിരെ രൂക്ഷവിമർശനവുമായി കാന്തപുരം വിഭാഗം സമസ്ത. യുഡിഎഫ് നിലപാട് രാഷ്ട്രീയ സത്യസന്ധതയെ തകർക്കുന്നതാണെന്ന് സമസ്തയുടെ പോഷക സംഘടനയായ എസ് വൈ എസ് ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം ആരോപിച്ചു. നേരത്തെ പിണറായി വിജയൻ സർക്കാർ മുന്നണിയിൽ പോലും ചർച്ച ചെയ്യാതെ ഈ പദ്ധതിയിൽ ഒപ്പിട്ടിരുന്നു. എന്നാൽ ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി ശബ്ദമുയർത്തിയപ്പോൾ, ഒടുവിൽ കേന്ദ്രത്തിന് കത്തയച്ച് കേരളം പദ്ധതിയിൽ നിന്നും പിന്മാറിയതാണ്. അങ്ങനെയൊരു പദ്ധതിയുമായാണ് പുതിയ സർക്കാർ വീണ്ടും മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുൻ സർക്കാർ പിന്മാറിയ ഒരു കേന്ദ്ര പദ്ധതിയുമായി, ജനവികാരം മാനിക്കാതെ യുഡിഎഫ് സർക്കാർ വീണ്ടും മുന്നോട്ടുപോകുന്നത് രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് റഹ്മത്തുള്ള സഖാഫി എളമരം പറഞ്ഞു. ഈ ജനവിരുദ്ധ നിലപാട് തിരുത്താൻ യുഡിഎഫ് മുന്നണിയിൽ ആരുമില്ലേയെന്ന് മതേതര കേരളം ചോദിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പിഎം ശ്രീ പദ്ധതി സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്ന ആക്ഷേപം ശക്തമായി നിലനിൽക്കുന്നതിനിടയിലാണ്, കാന്തപുരം വിഭാഗം സമസ്ത സർക്കാരിനെതിരെ പരസ്യ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.

Related Articles

Back to top button