ധാരണ പാലിച്ച് സ്വതന്ത്ര മുന്നണി; പാലാ കൗൺസിൽ യോഗത്തിൽ ഓട്ടോ സ്റ്റാൻഡ് നിലനിർത്താൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി

കോൺഗ്രസുമായുളള ധാരണ പാലിച്ച് പാലാ നഗരസഭയിലെ സ്വതന്ത്ര മുന്നണി. പ്രതിസന്ധിയ്ക്ക് ശേഷമുളള ആദ്യ കൗൺസിൽ യോഗത്തിൽ കൊട്ടാരമറ്റം ഓട്ടോ സ്റ്റാൻഡ് നിലനിർത്താൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. തീരുമാനം വായിച്ചശേഷം പ്രതിപക്ഷം സംസാരിക്കുന്നതിന് മുൻപ് തന്നെ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കക്കണ്ടം ഇറങ്ങിപ്പോയി. കൗൺസിൽ യോഗം ആകെ ഒന്നര മിനിറ്റ് മാത്രം ദൈർഘ്യമുളളതായിരുന്നു. ചെയർപേഴ്‌സൺ ഒളിച്ചോടിയതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വിവാദങ്ങളെക്കുറിച്ച് പറയാതിരിക്കാൻ ഇറങ്ങിപ്പോയതാണെന്നും വിമർശനം. ധാർമ്മികത ഉണ്ടെങ്കിൽ രാജിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
കൊട്ടാരമറ്റം ഓട്ടോ സ്റ്റാൻഡുമായി ബന്ധപ്പെട്ട തീരുമാനം ഐക്യകണ്‌ഠേന പാസാക്കാൻ പാലാ നഗരസഭ കൗൺസിൽ യോഗത്തിന് മുൻപുളള പാർലമെന്ററി പാർട്ടി യോഗത്തിൽ തീരുമാനിച്ചിരുന്നു. കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ഓട്ടോ സ്റ്റാൻഡിന് കൂടിയുളള സ്ഥലം അനുവദിക്കാനാവില്ല എന്ന നിലപാടായിരുന്നു നേരത്തെ നഗരസഭ ചെയർപേഴ്‌സണും സെക്രട്ടറിയും സ്വീകരിച്ചിരുന്നത്. ഇതിനെ ച്ചൊല്ലിയുളള തർക്കമാണ് നഗരസഭ ഭിന്നതയിലേക്ക് നയിച്ചത്. കോൺഗ്രസ് കൗൺസിലറെ ബിനു പുളിക്കക്കണ്ടം കയ്യേറ്റം ചെയ്തതായി പരാതി ഉയർന്നിരുന്നു.
ഓട്ടോറിക്ഷ സ്റ്റാൻഡുമായി ബന്ധപ്പെട്ട വിഷയത്തിലെ തർക്കത്തിനൊടുവിൽ ബിനു പുളിക്കക്കണ്ടം കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസിനെ കയ്യേറ്റം ചെയ്തുവെന്നായിരുന്നു പരാതി. നഗരസഭയിൽ ബിനു പുളിക്കക്കണ്ടവും കുടുംബവും ഏകാധിപത്യ സ്വഭാവത്തിൽ പെരുമാറുന്നു എന്ന ആക്ഷേപം കോൺഗ്രസിനുളളിൽ നിലനിൽക്കുന്നുണ്ട്. അതിനിടെയാണ് ബിനു പുളിക്കക്കണ്ടത്തിനെതിരെ കോൺഗ്രസ് കൗൺസിലർ കയ്യേറ്റ പരാതി നൽകിയത്. അതിന് പിന്നാലെ കൗൺസിലർക്കെതിരെ ചെയർപേഴ്‌സൺ ദിയ പുളിക്കക്കണ്ടവും പരാതി നൽകി.
തന്റെ ചേമ്പറിലെ വിലപ്പെട്ട വാച്ചും പ്രധാന ഫയലും നഷ്ടമായി എന്നാണ് ദിയയുടെ പരാതി. ബിനുവിനെതിരെ പരാതി നൽകിയ യുഡിഎഫ് കൗൺസിലർ ബിജു തോമസ് ചേമ്പറിൽ വന്നുപോയതിന് ശേഷമാണ് സാധനങ്ങൾ കാണാതായത് എന്നാണ് ദിയ പരാതിയിൽ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം കേസെടുക്കുന്നതിനായി ബിജുവും പൊലീസ് ഉദ്യോഗസ്ഥരും ചെയർപേഴ്‌സൺ ദിയ ഇല്ലാത്ത സമയത്ത് ചേമ്പറിലെത്തി മഹസർ തയ്യാറാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ദിയ പരാതി നൽകിയത്.



