ഒരാൾ പണം പിരിച്ചത് 42 പേരിൽ നിന്ന്, മറ്റൊരാൾ 36 പേരിൽ നിന്നും; കിട്ടിയ തുകയൊന്നും ക്ഷേമനിധി ബോർഡിലെത്തിയില്ല

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലുള്ള ജില്ലാ ഓഫീസിൽ സാമ്പത്തിക തിരിമറി നടന്നതായി പരാതി. സംഭവത്തിൽ ഓഫീസിലെ രണ്ട് താൽക്കാലിക ജീവനക്കാർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. അജാനൂർ അടോട്ട് വീട്ടിൽ ജയൻ കെ. (49), കാഞ്ഞങ്ങാട് മൂവാരിക്കുണ്ട് ഐങ്ങോത്ത് വീട്ടിൽ ഋത്വിക് വി. (29) എന്നിവർക്കെതിരെയാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

ക്ഷേമനിധി ബോർഡ് അംഗങ്ങളിൽ നിന്ന് അംശാദായം ശേഖരിക്കാൻ ചുമതലപ്പെട്ട പ്രതികൾ, തൊഴിലാളികളിൽ നിന്ന് തുക കൈപ്പറ്റിയ ശേഷം അത് ബോർഡിലേക്ക് അടയ്ക്കാതെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചു എന്നാണ് കേസ്. 2024 ജനുവരി 1 മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിലാണ് ഈ ക്രമക്കേട് നടന്നത്. ഒന്നാം പ്രതിയായ ജയൻ കെ. 42 അംഗങ്ങളിൽ നിന്നായി 10,332 രൂപ വാങ്ങി വഞ്ചന നടത്തിയെന്നും രണ്ടാം പ്രതിയായ ഋത്വിക് വി. 36 അംഗങ്ങളിൽ നിന്നായി 8,856 രൂപ വാങ്ങി ബോർഡിലേക്ക് അടയ്ക്കാതെ തട്ടിപ്പ് നടത്തിയെന്നുമാണ് കേസ്.

തൊഴിലാളികളെ പറ്റിച്ച് ബോർഡിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് കാണിച്ച് ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ വിപിൻ കെ.ആർ. നൽകിയ പരാതിയിലാണ് പോലീസ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളായ 316(4) (വിശ്വാസവഞ്ചന), 318(4) (വഞ്ചന) എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഹൊസ്ദുർഗ് എസ്ഐ പ്രേമൻ സി.വിക്കാണ് കേസിൻ്റെ അന്വേഷണ ചുമതല. പ്രതികൾ കൂടുതൽ അംഗങ്ങളിൽ നിന്ന് ഇത്തരത്തിൽ പണം തട്ടിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

Related Articles

Back to top button