നങ്ങ്യാർകുളങ്ങര ഗവൺമെന്റ് യുപി സ്കൂളിൽ ഓഫീസ് കുത്തിത്തുറന്ന് പണം കവർന്നു…

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ഗവൺമെന്റ് യുപി സ്കൂളിലെ ഓഫീസ് മുറിയുടെ വാതിൽ കുത്തിത്തുറന്ന് പണം കവർന്നു. കുട്ടികളുടെ സമ്പാദ്യ പദ്ധതിയിലേക്ക് ട്രഷറിയിൽ അടയ്ക്കാൻ മാറ്റിവെച്ചിരുന്ന മൂവായിരം രൂപയാണ് നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ സ്കൂൾ തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഓഫീസിന്റെ തെക്കേ അറ്റത്തുള്ള മുറിയിലെ രണ്ട് അലമാരകൾ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. പുലർച്ചെ മൂന്നു മണി വരെയുള്ള സിസിടിവി ദൃശ്യങ്ങളിൽ സംശയാസ്പദമായി യാതൊന്നും കണ്ടെത്താത്തതിനാൽ, നാലു മണിക്ക് ശേഷമായിരിക്കാം മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സ്കൂൾ ഹെഡ്മിസ്ട്രസ് കെ രാജശ്രീ നൽകിയ പരാതിയിൽ ഹരിപ്പാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറൻസിക്, ഫിംഗർപ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

Related Articles

Back to top button