പട്ടിമറ്റം ജിജോ വധക്കേസ്: സുഹൃത്തുക്കൾ അറസ്റ്റിൽ

പട്ടിമറ്റം ചെങ്ങരയിലെ റബർ തോട്ടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നോർത്ത് വലമ്പൂർ സ്വദേശി ജിജോയുടെ (53) മരണത്തിൽ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിലായി. നോർത്ത് വലമ്പൂർ ആക്കാംപാറ വാലാട്ടിയിൽ വിനു (38), വി. കെ. ജിനീഷ് (34) എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ മുതൽ ജിജോയും സുഹൃത്തുക്കളായ വിനുവും ജിനീഷും മദ്യലഹരിയിലായിരുന്നു. വൈകുന്നേരം വീണ്ടും മദ്യപിക്കുന്നതിനായാണ് ഇവർ ചെങ്ങരയിലെ ആളൊഴിഞ്ഞ റബർ തോട്ടത്തിലെത്തിയത്. മദ്യപാനത്തിനിടയിൽ ജിജോയ്ക്ക് കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ സുഹൃത്തുക്കൾ പരിഹസിച്ചു. ഇത് തർക്കത്തിലേക്കും തുടർന്ന് കൈയാങ്കളിയിലേക്കും വഴിമാറി. തർക്കത്തിനിടെ പ്രതികൾ രണ്ടുപേരും ചേർന്ന് തള്ളിയിട്ടപ്പോൾ ജിജോയുടെ തല റബർ മരത്തിൽ ശക്തമായി ഇടിക്കുകയായിരുന്നു. തലച്ചോറിലുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. മരത്തിലിടിച്ച് ബോധരഹിതനായി വീണ ജിജോയെ ആശുപത്രിയിലെത്തിക്കാൻ സുഹൃത്തുക്കൾ തയ്യാറായില്ല. പകരം സമീപത്ത് ടാർപോളിൻ കെട്ടിയ ഒരു സ്ഥലത്ത് ഇയാളെ കിടത്തിയ ശേഷം ഇരുവരും വീട്ടിലേക്ക് മടങ്ങി. പിന്നീട് രാത്രിയിൽ മൂന്ന് തവണ പ്രതികൾ തിരികെ സ്ഥലത്തെത്തി ജിജോയ്ക്ക് ബോധം വന്നോ എന്ന് പരിശോധിച്ചു. അപ്പോഴും ചികിത്സ ലഭ്യമാക്കാൻ ഇവർ ശ്രമിച്ചില്ലെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

വ്യാഴാഴ്ച രാത്രി വൈകിയും ജിജോ വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ഭാര്യ ഫ്ലോറി സുഹൃത്തുക്കളെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇവർ വ്യക്തമായ മറുപടി നൽകിയില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളിയാഴ്ച രാവിലെ എട്ടരയോടെ റബർ തോട്ടത്തിൽ ജിജോയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യ ഘട്ടത്തിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. എന്നാൽ ജിജോയുടെ തലയ്ക്കേറ്റ ഗുരുതര പരിക്കുകളെക്കുറിച്ച് എറണാകുളം മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ശക്തമാക്കുകയും സുഹൃത്തുക്കളെ ചോദ്യം ചെയ്യുകയും ചെയ്തു. ഇവരുടെ മൊഴികളിൽ പ്രകടമായ വൈരുധ്യം കണ്ടെത്തിയതോടെയാണ് കേസ് തെളിഞ്ഞത്. പിന്നീട് പ്രതികൾ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പോലീസ് പറയുന്നു.

Related Articles

Back to top button