മദ്യം നൽകിയും ബലം പ്രയോഗിച്ചും പീഡനം; പുനലൂരിലെ വയോജനകേന്ദ്രത്തിൽ നടന്നത് ഗുരുതര കുറ്റകൃത്യങ്ങൾ

കൊല്ലം പുനലൂരിലെ വയോജന കേന്ദ്രത്തിൽ നടന്നത് ഗുരുതര കുറ്റകൃത്യങ്ങളെന്ന് കണ്ടെത്തൽ. അറസ്റ്റിലായ ബ്രഹ്മദാസ് 60 വയസ് കഴിഞ്ഞ വയോധികകളെ ക്രൂരമായാണ് പീഡിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. കുളിമുറിയിൽ രഹസ്യകാമറ വെച്ച് പ്രതി വയോധികരുടെ ദൃശ്യങ്ങൾ പകർത്തി. മദ്യം നൽകിയും ബലം പ്രയോഗിച്ചും പലതവണ പീഡനങ്ങൾ നടന്നു. തെന്മല പഞ്ചായത്തിലെ പുനർജനി ചാരിറ്റബിൾ സൊസൈറ്റി എന്ന സ്ഥാപനത്തിലെ അന്തേവാസികളായ സ്ത്രീകൾ നടത്തിപ്പുകാരനായ ബ്രഹ്മദാസിനെതിരെ ഗുരുതര മൊഴികളാണ് നൽകിയിരിക്കുന്നത്.
2 പരാതികളിലാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. 62 വയസുകാരിയായ അന്തേവാസിയുടെ പരാതിയിലാണ് രണ്ടാമത്തെ കേസ്. പല തവണ സ്ഥാപനത്തിൽ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് ഇവരുടെ മൊഴി. നിർബന്ധിച്ചു റൂമിൽ കൊണ്ടുപോയാണ് ലൈംഗിക പീഡനത്തിനിരയാക്കിയത്. മദ്യം നൽകിയും പീഡിപ്പിക്കാൻ ശ്രമിച്ചു. അടുത്ത ദിവസങ്ങളിൽ പോലും ലൈംഗിക പീഡനം നേരിട്ടെന്നും 62 കാരി പൊലീസിനോട് പറഞ്ഞു. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചിട്ടുണ്ട്. 62 കാരിയെ പ്രതി റൂമിലേക്ക് കൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഭാര്യയുടെ മരണശേഷമാണ് പ്രതി ബ്രഹ്മദാസ് അന്തേവാസികളോട് ലൈംഗികാധിക്രമം തുടങ്ങിയതെന്ന് പൊലിസ് പറഞ്ഞു. കൂടുതൽ പേരെ ലൈംഗിക ചൂഷണത്തിനിരയാക്കിയുട്ടുണ്ടോ എന്നതിൽ പൊലീസ് അന്വേഷണം തുടരുകയാണ്. 2018ൽ തുടങ്ങിയ സ്ഥാപനം നിയമവിരുദ്ധമായാണ് പ്രവർത്തിച്ചിരുന്നതെന്നും സൂചനയുണ്ട്.
72കാരിയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് അഞ്ചൽ സ്വദേശി ബ്രഹ്മദാസിനെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിലെ വയോധികരായ സ്ത്രീകൾ സമീപത്തെ വീടുകളിലെത്തിയാണ് ദുരനുഭവം തുറന്ന് പറഞ്ഞത്. വിവരം തെന്മല പൊലീസിനെ അറിയച്ചതിന് പിന്നാലെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. അന്തേവാസികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പത്തോളം പേരാണ് ഇവിടെ താമസിക്കുന്നത്. സ്ഥാപനത്തിന്റെ ഉടമയായിരുന്ന സ്ത്രീ മരിച്ചതിന് പിന്നാലെയാണ് ബ്രഹ്മദാസ് നടത്തിപ്പ് ചുമതല ഏറ്റെടുത്തത്.



