നിപയെ രാഷ്ട്രീയ ആയുധമാക്കില്ല, പക്ഷെ ജാഗ്രതയെവിടെ?… സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ, ഷിഗെല്ല, കോളറ തുടങ്ങിയ പകർച്ചവ്യാധികൾ പടരുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിനും സർക്കാരിനുമെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടങ്ങളും തമ്മിൽ യാതൊരുവിധ ഏകോപനവുമില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. മുൻപ് യുഡിഎഫ് പ്രതിപക്ഷത്തിരുന്നപ്പോൾ ചെയ്തതുപോലെ നിപയെ രാഷ്ട്രീയ ആയുധമാക്കാൻ തങ്ങൾ തയ്യാറല്ലെന്നും എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ ചൂണ്ടിക്കാണിക്കാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തരവാദിത്തപ്പെട്ടവർക്കിടയിലുള്ള ആശയക്കുഴപ്പം കഴിഞ്ഞ ദിവസവും താൻ ചൂണ്ടിക്കാണിച്ചിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് ഓർമ്മിപ്പിച്ചു. എന്നാൽ ഇതിനോട് ആരോഗ്യ മന്ത്രി കെ. മുരളീധരൻ പ്രതികരിച്ച ശൈലി ശരിയായില്ല. നിപ പ്രതിരോധത്തിനായി സർക്കാരിന് പ്രതിപക്ഷത്തിന്റെ എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. പകർച്ചവ്യാധി ഭീതി നിലനിൽക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടിയെ പ്രതിപക്ഷ നേതാവ് ശക്തമായി ചോദ്യം ചെയ്തു. സിസ്റ്റത്തിന്റെ തലപ്പത്തിരിക്കുന്ന ഒരാളെ ഇത്തരമൊരു ഘട്ടത്തിൽ മാറ്റുന്നത് സാധാരണ ഗതിയിൽ സംഭവിക്കുന്ന ഒന്നല്ല. സിസ്റ്റത്തോടുള്ള നിസ്സഹകരണമാണ് സ്ഥലംമാറ്റത്തിന് കാരണമെന്നാണ് ആരോഗ്യ മന്ത്രി പറയുന്നത്. എന്നാൽ നിയമവിരുദ്ധമായ സ്ഥലംമാറ്റങ്ങൾക്ക് ഡിഎച്ച്എസ് കൂട്ടുനിന്നില്ല എന്നുള്ളതാണ് മന്ത്രി തെറ്റായി കാണുന്നത്. സുതാര്യമായ സംവിധാനങ്ങൾ ഇല്ലാതാക്കുന്നത് എന്തിനാണെന്ന് ചോദിച്ച അദ്ദേഹം, തസ്തികകൾക്കായി ലക്ഷങ്ങൾ മറിയുന്ന പഴയ സ്ഥിതി തിരികെ കൊണ്ടുവരാനാണോ ഈ നീക്കമെന്ന് തങ്ങൾ സംശയിക്കുന്നതായും കൂട്ടിച്ചേർത്തു.
പാലക്കാട് കോളറ സ്ഥിരീകരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിലുണ്ടായ നാടകീയ നീക്കങ്ങളെയും അദ്ദേഹം പരിഹസിച്ചു. ആരോഗ്യമന്ത്രി ഒരു കണക്ക് പറയുമ്പോൾ ജില്ലയിലെ ഡിഎംഒ അത് പരസ്യമായി തള്ളുകയാണ്. ഒടുവിൽ മന്ത്രിക്ക് തിരുത്തേണ്ടി വരുന്നു. ഇങ്ങനെയൊരു സാഹചര്യത്തിൽ ജനങ്ങൾ ആരെയാണ് വിശ്വസിക്കേണ്ടത്? മുൻ സർക്കാരിന്റെ കാലത്ത് കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ ഉണ്ടായപ്പോൾ ഭരിക്കുന്നവർക്കെതിരെ ശാപവാക്കുകൾ പറയാൻ മിടുക്ക് കാണിച്ച ആളാണ് ഇപ്പോഴത്തെ ആരോഗ്യ മന്ത്രി. എന്നാൽ അതേ രീതിയിലല്ല പ്രതിപക്ഷം ഈ വിഷയത്തെ കാണുന്നത്. ഉദ്യോഗസ്ഥരെ മാത്രം കുറ്റപ്പെടുത്തി സ്വന്തം പരാജയങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് ആരോഗ്യമന്ത്രി ശ്രമിക്കുന്നത്. രോഗവ്യാപനം ആര് ഭരിക്കുന്നു എന്ന് നോക്കിയല്ല വരുന്നത് എന്ന് ഭരണം തുടങ്ങി ഒരു മാസം പിന്നിടുമ്പോൾ അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ടാകുമെന്ന് കരുതുന്നതായും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.



