കെഎസ്ആർടിസി സ്ത്രീ സൗജന്യ യാത്രാ ഉദ്ഘാടനം സിപിഐഎം ബഹിഷ്‌കരിക്കും… കോൺഗ്രസിന്റേത് ആളെപ്പറ്റിക്കലെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ജൂൺ 15) നടക്കാനിരിക്കുന്ന ‘പ്രിയദർശിനി’ കെഎസ്ആർടിസി സ്ത്രീ സൗജന്യ യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സിപിഐഎം എംഎൽഎമാർ പൂർണ്ണമായും ബഹിഷ്‌കരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാർ പറയുന്നത് ഒന്നാണെന്നും എന്നാൽ നടപ്പിലാക്കുന്നത് മറ്റൊന്നാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ജനങ്ങളെ കബളിപ്പിക്കുന്ന ഇത്തരം പരിപാടികളുമായി സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കെഎസ്ആർടിസിയിലെ എല്ലാ ബസ്സുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നായിരുന്നു കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നതെന്ന് എം.വി. ഗോവിന്ദൻ ഓർമ്മിപ്പിച്ചു. ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് എ. പത്മകുമാർ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് മറുപടി പറയേണ്ട കാര്യം തനിക്കില്ലെന്നും, പാർട്ടി നടപടി നേരിടുന്ന ആളാണ് പത്മകുമാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ സർക്കാർ അധികാരത്തിലേറി വെറും ഒരു മാസം തികയും മുൻപ് തന്നെ ഭരണരംഗത്ത് കനത്ത പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. കനത്ത ജനകീയ പ്രതിഷേധത്തെ തുടർന്ന് ബെന്നിക്ക് രാജിവെക്കേണ്ടി വന്നു. വെറും ഒരു മാസത്തിനുള്ളിൽ രണ്ട് രാജികളാണ് സർക്കാരിൽ നടന്നിരിക്കുന്നത്. കടുത്ത സ്വജനപക്ഷപാതമാണ് ഇവിടെ നടന്നതെന്നും എന്നാൽ ഇതിലൊന്നും കൃത്യമായ മറുപടി നൽകാൻ സർക്കാരിനോ മുഖ്യമന്ത്രിയ്ക്കോ സാധിക്കുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ അതീവ ഗൗരവമുള്ളതാണെന്ന് എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. കേസിലെ പ്രധാന പ്രതിയുടെ വക്കീലും ബിജെപി സഹയാത്രികനുമായ ഒരാളെത്തന്നെ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറാക്കി നിയമിച്ചത് ദുരൂഹമാണ്. സ്വർണ്ണക്കൊള്ളക്കേസിലെ പ്രധാന ഫയലുകളെല്ലാം കണ്ട വ്യക്തിയെത്തന്നെ പ്രോസിക്യൂട്ടറാക്കിയതിന് പിന്നിൽ വലിയ അവിശുദ്ധ കൂട്ടുകെട്ടാണുള്ളത്. ആരോഗ്യ മേഖലയിലും ഗുരുതരമായ പ്രശ്നങ്ങളാണ് നിലനിൽക്കുന്നത്. നിപ, കോളറ ആശങ്കകൾക്കിടെ ആരോഗ്യവകുപ്പ് ഡയറക്ടറെപ്പോലും സ്ഥലം മാറ്റുകയാണ്. ഇതിനിടെ റിയാസ് (എളമരം റിയാസ്) വിഷയത്തിൽ ഇടപെട്ടപ്പോൾ അത് തടയുന്ന സാഹചര്യവുമുണ്ടായി.

കേരളത്തിലെ വൈസ് ചാൻസലർമാർ (വിസിമാർ) ആർഎസ്എസ് വേദിയിൽ എത്തിയ സംഭവത്തിൽ സർക്കാരിനെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. ആർഎസ്എസ് രൂപീകരണത്തിന്റെ നൂറാം വാർഷിക ചടങ്ങിൽ വിസിമാർ പങ്കെടുത്തത് കേവലം അതിഥികളായല്ല, മറിച്ച് സംഘാടകരെപ്പോലെയാണ്. ഇത് കേരളത്തിന്റെ മതനിരപേക്ഷതയെ തകർക്കുന്ന നീക്കമാണ്. സർവ്വകലാശാല തലപ്പത്തിരിക്കുന്നവർ ആർഎസ്എസ് വേദിയിലെത്തിയ സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി അടിയന്തരമായി മറുപടി പറയണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.

Related Articles

Back to top button