ജനങ്ങളുടെ മനസ്സിൽ നിന്ന് ജാതി തുടച്ചുനീക്കാൻ നടപടി വേണം… ടി.വി.കെ. സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

ജനങ്ങളുടെ മനസ്സിൽ നിന്നും ചിന്തകളിൽ നിന്നും ജാതിയും മതവും പൂർണ്ണമായും തുടച്ചുനീക്കാനുള്ള കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് തമിഴ്‌നാട്ടിലെ ടി.വി.കെ. സർക്കാരിനോട് മദ്രാസ് ഹൈക്കോടതി. സ്ഥാനാർത്ഥികളുടെ ജാതിയോ മതമോ സമുദായമോ നോക്കാതെ വോട്ട് ചെയ്യാൻ ജനങ്ങൾക്ക് സാധിക്കുമെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ജാതീയതയ്ക്ക് അതീതമായി ഒരു സർക്കാർ രൂപീകരിക്കാൻ ടി.വി.കെ.യ്ക്ക് സാധിച്ചിട്ടുണ്ടെന്നും, അതുകൊണ്ടുതന്നെ ജനമനസ്സുകളിൽ നിന്ന് ഇത്തരം വിവേചനങ്ങൾ മാറ്റാൻ സർക്കാർ മുന്നിട്ടിറങ്ങണമെന്നും ജസ്റ്റിസ് ബി. പുഗഴേന്തിയുടെ ബെഞ്ച് നിർദ്ദേശിച്ചു.
ജാതിയുടെ കൃത്രിമമായ തടസ്സങ്ങൾ പൂർണ്ണമായും മറികടക്കുമ്പോൾ മാത്രമേ എല്ലാ മനുഷ്യരും തുല്യരാവുകയുള്ളൂ എന്ന് കോടതി ഓർമ്മിപ്പിച്ചു. തിരുനെൽവേലിയിൽ ഐ.ടി. ജീവനക്കാരനായ കവിൻ സെൽവഗണേഷ് എന്ന യുവാവ് ദുരഭിമാനക്കൊലയ്ക്ക് ഇരയായ കേസിലെ പ്രതിയും പോലീസ് സബ് ഇൻസ്പെക്ടറുമായ ശരവണന് ജാമ്യം അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി ഈ സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്. ശരവണന്റെ മകൾക്ക് കവിനുമായി പ്രണയബന്ധമുണ്ടായിരുന്നെന്നും, ഇതിലുള്ള ജാതീയമായ വൈരാഗ്യം കാരണം 2025 ജൂലൈ 27-ന് ശരവണന്റെ മകൻ സുർജിത്ത് കവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് പ്രോസിക്യൂഷൻ കേസ്. കവിന്റെ അമ്മ തമിഴ്സെൽവി നൽകിയ പരാതിയിൽ സുർജിത്ത്, പിതാവ് ശരവണൻ, മാതാവ് കൃഷ്ണകുമാരി എന്നിവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരുന്നത്.
കൊലപാതകത്തിൽ തനിക്ക് നേരിട്ട് പങ്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് ഉദ്യോഗസ്ഥനായ ശരവണൻ ഹൈക്കോടതിയെ സമീപിച്ചത്. ഈ ക്രൂരമായ കൊലപാതകത്തിൽ ശരവണന് നേരിട്ട് പങ്കുണ്ടെന്ന് അനുമാനിക്കാൻ നിലവിൽ ലഭ്യമായ തെളിവുകളില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യം നൽകിയെങ്കിലും കോടതി പിതാവിനെ കടുത്ത ഭാഷയിൽ വിമർശിച്ചു. സ്വന്തം മകനെ ജാതീയ ചിന്തകളിലൂടെയും വിദ്വേഷത്തിലൂടെയും വളർത്തിയതിന്റെ പൂർണ്ണമായ ഉത്തരവാദിത്വം അച്ഛനെന്ന നിലയിൽ ശരവണൻ ഏറ്റെടുക്കണമെന്ന കടുത്ത അഭിപ്രായവും കോടതി ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.




