പൊതു അറിയിപ്പ് നൽകാതെ രണ്ടാമതും പരീക്ഷ നടത്തി…CUET – PG പരീക്ഷയെ ചൊല്ലിയും വിവാദം, ചോദ്യങ്ങളുമായി വിദ്യാർഥികൾ…

കേന്ദ്ര സർവകലാശാലകളിലും , അനുബന്ധ സ്ഥാപനങ്ങളിലും ബിരുദാനന്തര ബിരുദ പ്രവേശനത്തിനായി നടത്തുന്ന സിയുഇടി പിജി പരീക്ഷയെ ചൊല്ലിയും വിവാദം. പൊതു അറിയിപ്പ് നൽകാതെ രണ്ടാമതും പരീക്ഷ നടന്നെന്നാണ് ആരോപണം. പൊളിറ്റിക്കൽ സയൻസ് പരീക്ഷ നടന്നത് മാർച്ച് 11 നാണ്.പുറത്തിറക്കിയ ഉത്തരസൂചികയിൽ മാർച്ച് 11 കൂടാതെ മാർച്ച് 30 നും പരീക്ഷ നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. സിയുഇടി പി ജി പരീക്ഷ മാർച്ച് 27ന് അവസാനിച്ചെന്നാണ് എൻ ടി എയുടെ അറിയിപ്പ്.ഇതോടെയാണ് വിദ്യാർഥികൾ ചോദ്യങ്ങളുമായി രംഗത്തെത്തിയത്.ആർക്ക് വേണ്ടി പരീക്ഷ നടത്തി എന്ന ചോദ്യമാണ് വിദ്യാർഥികൾ ഉയർത്തുന്നത്. പുനഃപരീക്ഷയാണെങ്കിൽ ഏതൊക്കെ വിദ്യാർഥികൾ പരീക്ഷയെഴുതിയെന്നും വിദ്യാർത്ഥികൾ ചോദിക്കുന്നു. പരീക്ഷ ഫലം ഏപ്രിൽ 24 ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഇതുവരെയും NTA പ്രതികരിച്ചിട്ടില്ല.



