സംവിധായിക രത്തീനക്കെതിരെ അധിക്ഷേപം: മുൻ ഭർത്താവിനും ഓൺലൈൻ വാർത്താ ചാനലിനുമെതിരെ കേസ്

സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തിയെന്ന സംവിധായിക രത്തീനയുടെ പരാതിയിൽ മുൻ ഭർത്താവിനും ഓൺലൈൻ വാർത്താ ചാനലിനുമെതിരെ കേസെടുത്തു. എറണാകുളം ഹിൽപാലസ് പൊലീസാണ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിപരമായും മാനസികമായും അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിൽ പരാതി നൽകിയത്. കണ്ണൂർ സ്വദേശി മുഹമ്മദ് ഷെർഷാദിനെതിരെയാണ് കേസ്.
നേരത്തെ, സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകൾ പരാമർശിച്ച് ഷെർഷാദ് പോളിറ്റ് ബ്യൂറോക്ക് നൽകിയ കത്ത് ചോർന്നത് വലിയ വിവാദമായിരുന്നു. ഈ സംഭവത്തിൽ ഷർഷാദിനെതിരെ രത്തീന രംഗത്തെത്തിയിരുന്നു. താനും ഷെർഷാദും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങളാണ് വിവാദത്തിന് കാരണമെന്ന് രത്തീന ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. ഷെർഷാദിൻ്റെ ശാരീരിക മാനസിക പീഡനം കാരണം വിവാഹബന്ധം വേർപ്പെടുത്തേണ്ടിവന്നു. അപമാനിക്കുക എന്ന് മാത്രമാണ് ഷെർഷാദിന്റെ ലക്ഷ്യമെന്നും രത്തീൻ പറഞ്ഞിരുന്നു.
ഗാർഹിക പീഡനത്തിൽ കോടതി ശിക്ഷിച്ച ജാമ്യമില്ലാക്കുറ്റം ചുമത്തപ്പെട്ട പ്രതിയാണ് ഷർഷാദ് എന്നും രത്തീന ആരോപിച്ചിരുന്നു. വിവാഹ ബന്ധം വേർപെടുത്തിയിട്ടും ഷെർഷാദ് നിരന്തരം ദ്രോഹിക്കാറുണ്ടെന്നും പോസ്റ്റിലുണ്ടായിരുന്നു.



