അഞ്ചരക്കണ്ടി ദന്തൽ കോളജിലെ നിതിൻ രാജിന്റെ ആത്മഹത്യ…. ഒരാൾ കൂടി അറസ്റ്റിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻരാജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. യു.പി നോയിഡ സ്വദേശിയും ലോൺ ആപ്പ് ടെലികോളറുമായ സൗരവ് (24) ആണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
ഹരിയാന സ്വദേശി ജയ് പ്രകാശ്, ഉത്തർപ്രദേശ് സ്വദേശികളായ പ്രശാന്ത് കേവൽ, ഋഷികേശ് തിവാരി എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി പി. ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ ഡിവൈഎസ്പി ജീവൻ ജോർജാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം, കേസിലെ ഒന്നാം പ്രതിയും കോളജ് അധ്യാപകനുമായ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. സംഭവവുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും തന്നെ കേസിലേക്ക് വലിച്ചിഴക്കുകയാണെന്നുമാണ് ഡോ. റാം ജാമ്യാപേക്ഷയിൽ വാദിച്ചത്. നേരത്തെ സെഷൻസ് കോടതി ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
നിതിൻരാജ് ഓർമ്മയായിട്ട് ഇന്ന് രണ്ട് മാസം തികയുകയാണ്. കഴിഞ്ഞ ഏപ്രിൽ 10-നാണ് നിതിൻ കോളജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്. മരണത്തിന് കാരണക്കാരായ പ്രധാന പ്രതിയെ ഇപ്പോഴും പിടികൂടാത്തതിൽ നിതിന്റെ കുടുംബത്തിന് വലിയ പ്രതിഷേധമുണ്ട്. ഒന്നാം പ്രതിയായ ഡോ. എം.കെ. റാമിനെ ഇതുവരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയുടെ വാക്കാൽ നിർദ്ദേശമുള്ളതിനാലാണ് അറസ്റ്റ് വൈകുന്നതെന്നാണ് അന്വേഷണ സംഘം നൽകുന്ന വിശദീകരണം.



