‘ദിയ പുളിക്കകണ്ടം രാജിവെക്കണം, കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനം സംരക്ഷിക്കണം’; പരാതി നൽകിയ കൗൺസിലർ

പാലാ നഗരസഭാ അധ്യക്ഷ ദിയ പുളിക്കകണ്ടം രാജിവെക്കണമെന്ന് കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ്. സ്വതന്ത്ര കൂട്ടായ്മയുമായി ഇനി സഹകരണം തുടരാനാവില്ലെന്ന് ബിജു മാത്യൂസ് പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനം സംരക്ഷിക്കണമെന്നും ബിജു മാത്യൂസ് പറഞ്ഞു. നിലപാടിൽ വിട്ടുവീഴ്ച ഇല്ലെന്നും ബിജു മാത്യൂസ് കൂട്ടിച്ചേർത്തു.
‘കൗൺസിലർമാരുടെ വികാരം നേതൃത്വത്തെ അറിയിച്ചു. യുഡിഫ് കൗൺസിലർമാർ ഒറ്റക്കെട്ടാണ്. നിലപാട് എഴുതി ഒപ്പിട്ട് നേതൃത്വത്തെ അറിയിച്ചതാണ്. അധികാരമല്ല ആത്മാഭിമാനമാണ് പ്രധാനം’, ബിജു മാത്യൂസ് പറഞ്ഞു.
സ്വതന്ത്ര കൂട്ടായ്മയിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും കോൺഗ്രസ് കൗൺസിലർക്കെതിരെ കളളക്കേസ് നൽകിയെന്നും കോൺഗ്രസ് കൗൺസിലർമാർ ആരോപിക്കുന്നു. ഭരണത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർക്കോ കൗൺസിലർമാർക്കോ യാതൊരു റോളുമില്ലെന്നും കോൺഗ്രസ് കൗൺസിലർമാർ പറയുന്നു. ജില്ലാ യുഡിഎഫ് കൺവീനർക്ക് കോൺഗ്രസ് കൗൺസിലർമാർ വിയോജനക്കത്ത് അയച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബിജു മാത്യൂസിന്റെ പരാതിയിൽ സ്വതന്ത്ര കൗൺസിലറായ ബിനു പുളിക്കക്കണ്ടത്തിനെതിരെ പാലാ പൊലീസ് കേസെടുത്തിരുന്നു. ബിനു പുളിക്കക്കണ്ടത്തിനും സഹോദരനുമെതിരെ കയ്യേറ്റം ചെയ്യൽ, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് എഫ്ഐആറിട്ടത്. അതിന് പിന്നാലെ കൗൺസിലർക്കെതിരെ ചെയർപേഴ്സൺ ദിയ പുളിക്കക്കണ്ടവും പരാതി നൽകി. തന്റെ ചേമ്പറിലെ വിലപ്പെട്ട വാച്ചും പ്രധാന ഫയലും നഷ്ടമായി എന്നാണ് ദിയയുടെ പരാതി.
ബിജു മാത്യൂസ് ചേമ്പറിൽ വന്നുപോയതിന് ശേഷമാണ് സാധനങ്ങൾ കാണാതായത് എന്നാണ് ദിയ പരാതിയിൽ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം കേസെടുക്കുന്നതിനായി ബിജുവും പൊലീസ് ഉദ്യോഗസ്ഥരും ചെയർപേഴ്സൺ ദിയ ഇല്ലാത്ത സമയത്ത് ചേമ്പറിലെത്തി മഹസർ തയ്യാറാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ദിയ പരാതി നൽകിയത്.



