‘തെറ്റ് തിരുത്തൽ രേഖകൾ വെറും കണ്ണിൽ പൊടിയിടൽ, സിപിഎമ്മിൽ ഉൾപ്പാർട്ടി ജനാധിപത്യം മരിച്ചു’….. ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും

കണ്ണൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ താഴേത്തട്ടിൽ വിശദീകരിക്കുന്ന ‘തെറ്റ് തിരുത്തൽ പ്രക്രിയ’ വെറും നാടകമാണെന്ന കടുത്ത വിമർശനവുമായി തളിപ്പറമ്പിലെയും പയ്യന്നൂരിലെയും ജനകീയ മുന്നണി (വിമത) നേതാക്കൾ. വാർത്താസമ്മേളനത്തിൽ ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവർ സംസ്ഥാന നേതൃത്വത്തിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. പാർട്ടിയിൽ തെറ്റുകൾ തിരുത്താനുള്ള യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും മുകളിൽ ഇരിക്കുന്നവർ ചെയ്യുന്ന തെറ്റുകൾ താഴേത്തട്ടിലുള്ളവരുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് റിവ്യൂ റിപ്പോർട്ടിലൂടെ ശ്രമിക്കുന്നതെന്നും ഇരുവരും കുറ്റപ്പെടുത്തി.
സിപിഎമ്മിൽ ഉൾപ്പാർട്ടി ജനാധിപത്യം പൂർണ്ണമായും തകർന്നുവെന്ന് പയ്യന്നൂരിലെ വിമത നേതാവ് വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. വിസി നിയമനത്തിലെ ഒത്തുതീർപ്പും ‘പിഎം ശ്രീ’ പദ്ധതിയിൽ ഒപ്പുവെച്ചതും ബിജെപിയുമായുള്ള രാഷ്ട്രീയ ഡീലിന്റെ ഭാഗമാണെന്ന് ജനങ്ങൾ വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പയ്യന്നൂരിലും തളിപ്പറമ്പിലും പറ്റിയ തെറ്റെന്താണെന്ന് തുറന്നുപറയാൻ സംസ്ഥാന സെക്രട്ടറി തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും പരാജയത്തിന്റെ ഉത്തരവാദിത്തം ജില്ലാ കമ്മിറ്റിക്ക് മേൽ കെട്ടിവെക്കാനുള്ള നീക്കം കബളിപ്പിക്കലാണെന്ന് ടി.കെ. ഗോവിന്ദൻ വ്യക്തമാക്കി. ബിജെപിയുമായുള്ള വിട്ടുവീഴ്ചകളെയും ടി.കെ. ഗോവിന്ദൻ ചോദ്യം ചെയ്തു.
വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതും ആഗോള അയ്യപ്പ സംഗമത്തിൽ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചതും മതേതര മനസ്സിനെ വ്രണപ്പെടുത്തുന്നതായിരുന്നു. ലാവ്ലിൻ കേസും വീണയ്ക്കെതിരായ കേസുകളും നീണ്ടുപോകുന്നത് കേന്ദ്ര ഭരണകക്ഷിയുമായുള്ള ഡീലിന്റെ ഭാഗമാണെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും, യഥാർത്ഥ വിമർശനം കേൾക്കാനും അത് തിരുത്താനും നേതൃത്വം തയ്യാറാകുന്നില്ലെന്നും ടി.കെ. ഗോവിന്ദൻ വ്യക്തമാക്കി. കണ്ണൂരിലെ പാർട്ടിയുടെ ശക്തമായ കോട്ടകളിൽ നിന്നുതന്നെ ഔദ്യോഗിക നേതൃത്വത്തിനെതിരെ ഇത്തരം കടുത്ത ജനാധിപത്യവിരുദ്ധ ആരോപണങ്ങൾ ഉയരുന്നത് വരും ദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും.



