വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കേസ്: വധശ്രമ വകുപ്പുകൾ ഒഴിവാക്കി പോലീസ് അന്തിമ കുറ്റപത്രം നൽകി…. മുൻ മന്ത്രി മാപ്പ് പറയണമെന്ന് കെ.എസ്.യു

കണ്ണൂർ: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കേസിൽ ഒടുവിൽ നിലപാട് മാറ്റി പോലീസ്. കേസിൽ ചുമത്തിയിരുന്ന വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് പോലീസ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചതിന് പിന്നാലെയാണ് ഇന്നലെ പോലീസ് കോടതിയെ ഇക്കാര്യം അറിയിച്ചത്.
കൊല്ലണമെന്ന ഉദ്ദേശത്തോടെയുള്ള വധശ്രമം, മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് പുതിയ കുറ്റപത്രത്തിൽ നിന്നും പോലീസ് ഒഴിവാക്കിയത്. മന്ത്രിയായിരുന്ന വീണാ ജോർജിനെ അപായപ്പെടുത്താൻ കരുതിക്കൂട്ടിയുള്ള നീക്കമാണ് നടന്നതെന്നായിരുന്നു സി.പി.ഐ.എം നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നത്. എന്നാൽ ഇതിന് വിരുദ്ധമായാണ് പോലീസിന്റെ ഇപ്പോഴത്തെ റിപ്പോർട്ട്. വധശ്രമ വകുപ്പുകൾ ഒഴിവാക്കിയതോടെ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് തെളിഞ്ഞതായി കെ.എസ്.യു പ്രതികരിച്ചു. കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെയുള്ളവർ ഈ കേസിൽ ജയിൽവാസം അനുഭവിച്ചിരുന്നു. വ്യാജ പരാതി നൽകി തങ്ങളെ ജയിലിലടച്ച മുൻ മന്ത്രി വീണാ ജോർജ് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് അതുൽ ആവശ്യപ്പെട്ടു. കേസിൽ പുനഃരന്വേഷണം നടത്തണമെന്നും കെ.എസ്.യുവിനെതിരെ വ്യാജ പരാതി നൽകിയ വീണാ ജോർജിന്റെ ഗൺമാനെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഫെബ്രുവരി 25-നായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് വീണാ ജോർജിനെതിരെ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. മാരകായുധങ്ങളുമായി വന്ന് വധിക്കാൻ ശ്രമിച്ചു എന്നായിരുന്നു എഫ്.ഐ.ആർ. കേസിൽ അതുൽ എം.സി, അക്ഷയ് മാട്ടൂൽ, ബിതുൽ ബാലൻ, മുബാസ് സി. അച്ച്, അഹമ്മദ് യാസീൻ എന്നിവർ അറസ്റ്റിലായിരുന്നു. കേസിൽ കൃത്യമായ തെളിവുകൾ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇവർക്ക് മുൻപ് ജാമ്യം അനുവദിച്ചത്.




