“പാതിരാത്രിക്ക് പിടിച്ചുകൊണ്ടുപോയി ജാമ്യം നിഷേധിച്ചു”…. കോതമംഗലം എസ്എച്ച്ഒക്കെതിരായ ഭീഷണിയെ ന്യായീകരിച്ച് അർജുൻ ആയങ്കി

കോതമംഗലം എസ്എച്ച്ഒയ്ക്കെതിരെ താൻ സോഷ്യൽ മീഡിയയിൽ ഉയർത്തിയ വധഭീഷണിയെ ന്യായീകരിച്ച് അർജുൻ ആയങ്കി. നിരപരാധിത്വം വ്യക്തമായിരുന്നിട്ടും ഒരു കൂട്ടം കുടുംബങ്ങളെ കണ്ണീർ കുടിപ്പിച്ച്, അധികാര ദുർവിനിയോഗം നടത്തി കൊടിയ കുറ്റകൃത്യം ചെയ്തത് ആ പൊലീസുകാരനാണെന്ന് അർജുൻ ആയങ്കി തന്റെ പുതിയ കുറിപ്പിൽ ആരോപിച്ചു. പത്ത് പേരെ പാതിരാത്രിക്ക് വിളിച്ച് വരുത്തി പിടിച്ച് കൊണ്ടുപോയി ഭൂതകാലത്ത് ചെയ്ത കുറ്റകൃത്യങ്ങളുടെ ലിസ്റ്റെടുത്ത് അതിൽ ആറു പേർക്കെതിരെ വ്യാജമായി കുറ്റം ചുമത്തുകയായിരുന്നു.

ഇവർക്ക് ജാമ്യം കിട്ടാതിരിക്കാൻ പാതിരാത്രി തന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാന്റ് ചെയ്യിക്കുകയായിരുന്നുവെന്നും ആയങ്കി ആരോപിക്കുന്നു. താൻ അനുകൂലിക്കുന്ന പാർട്ടിയുടെ കാവൽ സർക്കാരിന്റെ അവസാന ദിവസമായ മൂന്നാം തീയ്യതിയാണ് ഈ സംഭവം നടന്നതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. സ്വന്തം പാർട്ടി അധികാരത്തിലിരിക്കുമ്പോൾ കിട്ടാത്ത നീതി, താൻ രാഷ്ട്രീയമായി എതിർത്തിരുന്ന പുതിയ യുഡിഎഫ് സർക്കാരിൽ നിന്ന് കിട്ടുമെന്ന് പ്രതീക്ഷയില്ല. എങ്കിലും നിലവിലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകുമെന്നും, പൊലീസിന്റെ ഗുണ്ടായിസത്തിനെതിരെ അദ്ദേഹം നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അർജുൻ ആയങ്കി കുറിച്ചു.

അതിനിടെ, കോതമംഗലം എസ്എച്ച്ഒയെ പരസ്യമായി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അർജുൻ ആയങ്കിക്കെതിരെ പൊലീസ് നടപടി കടുപ്പിച്ചു. അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. ജാമ്യവ്യവസ്ഥകൾ ലംഘിച്ച് വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ഈ നീക്കം. എസ്എച്ച്ഒയ്ക്കെതിരായ ഭീഷണി പോസ്റ്റിൽ പൊലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സർവീസിൽ നിന്നും സമാധാനപരമായി പെൻഷൻ വാങ്ങി ശിഷ്ടകാലം ജീവിക്കാൻ അനുവദിക്കില്ലെന്നായിരുന്നു അർജുൻ ആയങ്കിയുടെ ആദ്യത്തെ വിവാദ പോസ്റ്റ്.

Related Articles

Back to top button