ഭരണവിരുദ്ധ വികാരമുണ്ട്, വെള്ളാപ്പള്ളിയെ തള്ളിപ്പറയും… അഴകൊഴമ്പൻ നയം അവസാനിപ്പിക്കാൻ സിപിഐഎം

തിരുവനന്തപുരം: വർഗ്ഗീയവിരുദ്ധതയിൽ സമീപകാലത്ത് പാർട്ടി സ്വീകരിച്ച അഴകൊഴമ്പൻ സമീപനം അവസാനിപ്പിക്കാൻ സിപിഐഎം സംസ്ഥാന സമിതിയിൽ തീരുമാനം. ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാത്തരം വർഗ്ഗീയതയേയും ഒരുപോലെ ശക്തമായി എതിർക്കാനും, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വർഗ്ഗീയ പരാമർശങ്ങളെ പൂർണ്ണമായി തള്ളിപ്പറയാനും പാർട്ടി തീരുമാനിച്ചു. വെള്ളാപ്പള്ളിയുടെ പരാമർശങ്ങളെ സമയബന്ധിതമായി തള്ളിപ്പറയാതിരുന്നതിൽ വീഴ്ച സംഭവിച്ചതായി പാർട്ടി തയ്യാറാക്കിയ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

തോൽവിയുടെ കാരണങ്ങൾ വിലയിരുത്താൻ ചേർന്ന ഇരുദിവസത്തെ സംസ്ഥാന സമിതിയിൽ നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ കരട് റിപ്പോർട്ടിലെ മൃദുസമീപനങ്ങൾ പലതും സംസ്ഥാന സമിതി അംഗങ്ങളുടെ സമ്മർദ്ദത്തെ തുടർന്ന് തിരുത്താൻ നേതൃത്വം നിർബന്ധിതമായി. ഭരണവിരുദ്ധ വികാരമുണ്ടെന്ന് തുറന്നുസമ്മതിക്കാൻ മടിച്ച നേതൃത്വത്തെ സമിതി അംഗങ്ങൾ തിരുത്തി. പത്ത് വർഷത്തെ ഭരണത്തിനിടയിൽ സർക്കാരിന്റെ പ്രവർത്തനം ജനങ്ങളുമായി ബന്ധമുള്ളതായിരുന്നില്ല എന്ന വികാരം പാർട്ടിക്കാർക്കിടയിൽ പോലുമുണ്ടായിരുന്നു. ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ ചില നടപടികളാണ് ഇതിന് കാരണമെന്നും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മുസ്ലിം ലീഗിന്റെ വർഗ്ഗീയ അജണ്ടകളെ വരും ദിവസങ്ങളിൽ ശക്തമായി തുറന്നുകാട്ടും. ഇതിനൊപ്പം മലബാറിലെ പാർട്ടിയുടെ കോട്ടകളായ തളിപ്പറമ്പിലും പയ്യന്നൂരിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്ന കാര്യവും പാർട്ടി അംഗീകരിച്ച അന്തിമ റിപ്പോർട്ടിന്റെ ഭാഗമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ ആവശ്യമായ തിരുത്തൽ നടപടികൾ വിപുലമായി ചർച്ച ചെയ്യുന്നതിനായി ഓഗസ്റ്റിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെ വരെ ഉൾപ്പെടുത്തിക്കൊണ്ട് വിപുലീകൃത സംസ്ഥാന സമിതി വിളിച്ചുചേർക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

Related Articles

Back to top button