മദ്യപിച്ച് പൊലീസുകാരൻ ഓടിച്ച കാർ ഇടിച്ച് വൻ അപകടം… നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത പൊലീസ് ഓഫീസർ കസ്റ്റഡിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് മദ്യപിച്ച് പൊലീസുകാരൻ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം ചെറുകോടാണ് നാണക്കേടുണ്ടാക്കിയ ഈ വാഹനാപകടം നടന്നത്. പൂന്തുറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ അനൂപ് ആണ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. അനൂപ് സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിൽ വന്ന് ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ഇരു വാഹനങ്ങളും ഭാഗികമായി തകർന്ന നിലയിലാണ്. അപകടത്തിന് പിന്നാലെ, മദ്യലഹരിയിലായിരുന്ന പൊലീസുകാരൻ അനൂപ് അപരവാഹനത്തിൽ ഉണ്ടായിരുന്നവരോട് മോശമായി പെരുമാറുകയും അവരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിയുണ്ട്. വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ അരുവിക്കര പൊലീസ് അനൂപിനെ കസ്റ്റഡിയിലെടുത്തു.
നിയമപാലകർ തന്നെ മദ്യപിച്ച് പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന രീതിയിൽ വാഹനമോടിക്കുകയും, അപകടമുണ്ടായപ്പോൾ അസഭ്യവർഷം നടത്തുകയും ചെയ്ത സംഭവം പൊലീസിന് വലിയ നാണക്കേടായിരിക്കുകയാണ്. കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥനെതിരെ അരുവിക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ വകുപ്പുതലത്തിൽ കർശനമായ അച്ചടക്ക നടപടികളുണ്ടാകുമെന്നാണ് സൂചന.



