ദേശീയപാത നിർമ്മാണത്തിലെ പാകപ്പിഴ; ചേർത്തലയിലെ വീടുകളിൽ വെള്ളം കയറി

ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ വ്യത്യസ്തമായൊരു പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് നാട്ടുകാർ. മലിന ജലത്തിൽ കിടന്നുകൊണ്ടാണ് പ്രദേശവാസികളുടെ പ്രതിഷേധം. സ്ഥലത്തെ നിരവധി വീടുകളിൽ വെള്ളം കയറിയതിനെ പിന്നാലെയാണ് ഇത്തരമൊരു പ്രതിഷേധവുമായി നാട്ടുകാരെത്തിയത്. മേഖലയിലെ വീടുകളിൽ ഇത്തരത്തിൽ വെള്ളം കയറാൻ ഇടയാക്കിയത് ദേശീയപാത നിർമ്മാണത്തിലെ പാകപ്പിഴയെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

ഏറെക്കാലമായി ചേർത്തലയിൽ ഈ പ്രശ്‌നം നിലനിൽക്കുന്നുണ്ട്. ഹൈവേ നിർമാണം തുടങ്ങിയതിന് ശേഷമാണ് ഈ പ്രശ്നമെന്നാണ് ആരോപണം. ദേശീയ പാത നിർമാണത്തിന്റെ ഭാഗമായി പലയിടങ്ങളിലും വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടതോടെയാണ് പ്രദേശവാസികൾ ദുരിതത്തിലായത്. തോട് കരകവിഞ്ഞൊഴുകി വീടുകളിലേക്ക് വെള്ളം കയറുന്ന സാഹചര്യമാണുള്ളത്. ഇതുവഴി നഗരത്തിലെ സകല മാലിന്യങ്ങളുമടങ്ങിയ വെള്ളം വീടുകളിലേക്കെത്തുന്നു. ശുചിമുറി മാലിന്യങ്ങളടക്കം വീടുകളിൽ കയറിയിറങ്ങിപ്പോകുന്ന ഗതികേടിലാണ്. ഭക്ഷണം കഴിക്കാനോ വീടുകളിൽ സ്വസ്ഥമായിരിക്കാനോ ജനങ്ങൾക്ക് കഴിയാത്ത സ്ഥിതിയാണുള്ളത്.

പ്രതിഷേധവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വന്നതോടെ നടപടിയുമായി അധികൃതർ രംഗത്തെത്തി. വൈകിട്ട് ഏഴുമണിക്ക് തോട്ടിലെ തടസങ്ങൾ പൊളിച്ചു നീക്കുമെന്ന് അധികൃതർ ഉറപ്പ് നൽകി. ദേശീയപാത അതോറിറ്റി ഇത് ചെയ്ത് നൽകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. തടസം നീക്കിയില്ലെങ്കിൽ തോട്ടിലെ തടസങ്ങൾ നഗരസഭ പൊളിച്ചു നീക്കും എന്ന് ചെയർപേഴ്‌സൺ വ്യക്തമാക്കി.

Related Articles

Back to top button