പ്രിയ നടൻ സലിംകുമാറിന് വിട നൽകി നാട്; സംസ്കാര ചടങ്ങുകൾ പൂർത്തിയായി

മലയാളികളുടെ പ്രിയ നടൻ സലിംകുമാറിന് വിട നൽകി നാട്. പറവൂർ ചിറ്റേത്തുകരയിലെ ലാഫിങ് വില്ല വീട്ടുവളപ്പിൽ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മക്കളായ ചന്തുവും ആരോമലും ചേർന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്.
ചടങ്ങുകൾ ആരംഭിച്ചതോടെ ചന്തു പൊട്ടിക്കരഞ്ഞു. ചിതയ്ക്ക് തീക്കൊളുത്തുംമുമ്പ് ചന്തുവും ആരോമലും പിതാവിന് അവസാന ചുംബനം നൽകി ഭാര്യ സുനിതയും കണ്ണീരോടെയാണ് സലിംകുമാറിന് വിട നൽകിയത്. കോൺഗ്രസ് പതാക പുതപ്പിച്ച ശേഷം സലിം കുമാറിന്റെ മൃതദേഹം ചിതയിലേക്കെടുത്തു. ചന്തുവും ആരോമലും ചേർന്ന് ചിതയ്ക്ക് തീക്കൊളുത്തി.
സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെയാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്. അസ്ഥി പുഴയിൽ ഒഴുക്കുന്നത് ഉൾപ്പെടെ ചടങ്ങുകൾ വേണ്ടെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു.
മുഖ്യമന്ത്രി വി ഡി സതീശനും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി അടക്കമുള്ളവരും സംസകാര ചടങ്ങുകളിൽ പങ്കെടുത്തു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, മന്ത്രി പി.സി. വിഷ്ണുനാഥ്, എംഎൽഎമാർ, നടന്മാർ, താരസംഘടനയായ ‘അമ്മ’ ഭാരവാഹികൾ ഉൾപ്പെടെ പറവൂരിലെ വീട്ടിലെത്തി. ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. സലിം കുമാറിനെ അവസാനമായി കാണാൻ ആയിരങ്ങളാണ് വീട്ടിലെത്തിയത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ചന്തു ഉൾപ്പെടെ പാടുപെടുന്നുണ്ടായിരുന്നു.
കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
മലയാളികളുടെ മനസ്സിൽ അനശ്വരമായ സ്ഥാനം നേടിയ കലാകാരനായിരുന്നു സലിം കുമാർ. ഹാസ്യ കഥാപാത്രങ്ങളിലൂടെ പൊട്ടിച്ചിരിപ്പിക്കുകയും ഗൗരവമേറിയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം സ്പർശിക്കുകയും ചെയ്ത അദ്ദേഹം അഭിനയ മികവിന്റെ അപൂർവ മാതൃകയായിരുന്നു. അഭിനയജീവിതത്തിനപ്പുറം സംവിധായകൻ, എഴുത്തുകാരൻ എന്ന മേഖലകളിലും അദ്ദേഹം തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്.
മിമിക്രി വേദികളിൽ നിന്നാണ് സലിം കുമാറിന്റെ കലാജീവിതം ആരംഭിച്ചത്. കൊച്ചിൻ കലാഭവൻ ഉൾപ്പെടെയുള്ള വേദികളിലൂടെ ശ്രദ്ധ നേടിയ അദ്ദേഹം പിന്നീട് ടെലിവിഷൻ രംഗത്തേക്കും തുടർന്ന് സിനിമയിലേക്കും കടന്നു. ‘ഇഷ്ടമാണ് നൂറുവട്ടം’ ആയിരുന്നു ആദ്യ ചിത്രം. പിന്നീട് മലയാളം, തമിഴ്, ബംഗാളി ഭാഷകളിലായി മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ച് ഇന്ത്യൻ സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
മലയാളികളെ ചിരിപ്പിക്കുകയും സാമൂഹിക വിഷയങ്ങളിലുൾപ്പെടെ നിലപാടുകൾ പങ്കുവെച്ച് ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
2000-ൽ വിജി തമ്പി സംവിധാനം ചെയ്ത സത്യമേവ ജയതേയിലെ കള്ളന്റെ വേഷമാണ് ശ്രദ്ധിക്കപ്പെട്ടത്. ഈ ചിത്രത്തിലെ പ്രകടനമാണ് തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിലേക്ക് സംവിധായകരായ റാഫി-മെക്കാർട്ടിൻ ടീം സലീമിനെ വിളിക്കാൻ കാരണമായത്. തെങ്കാശിപ്പട്ടണം ഹിറ്റായതോടെ സലിം കുമാറിന്റെ ഹാസ്യകഥാപാത്രങ്ങൾ നിരവധി പുറത്തിറങ്ങി. മായാവിയിലെ സ്രാങ്ക്, കല്യാണരാമനിലെ പ്യാരിലാൽ, ചതിക്കാത്ത ചന്തുവിലെ ഡാൻസ് മാസ്റ്റർ വിക്രം, പുലിവാൽ കല്യാണത്തിലെ മണവാളൻ, മീശമാധവനിലെ വക്കീൽ മുകുന്ദനുണ്ണി തുടങ്ങിയ കഥാപാത്രങ്ങൾ ഇന്നും ട്രോളുകളിൽ നിറഞ്ഞുനിൽക്കുന്നവ കൂടിയാണ്. അച്ഛനുറങ്ങാത്ത വീട്, പെരുമഴക്കാലം, ഗ്രാമഫോൺ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ അദ്ദേഹത്തിന്റെ അഭിനയമികവിന്റെ മികച്ച സാക്ഷ്യങ്ങളായിരുന്നു.
2005-ലാണ് സലിംകുമാറിനെ തേടി ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്കാരമെത്തുന്നത്. അച്ഛനുറങ്ങാത്ത വീടിലെ പ്രകടനത്തിന് മികച്ച രണ്ടാമത്തെ നടനായി തിരഞ്ഞെടുക്കപ്പെട്ടു. 2010-ൽ ആദാമിന്റെ മകൻ അബുവിലൂടെ മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങളും സലിം കുമാർ സ്വന്തമാക്കി. 2012-ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. ചിത്രം അയാളും ഞാനും തമ്മിൽ. 2017-ൽ പുറത്തുവന്ന ആദ്യ സംവിധാനസംരംഭമായ കറുത്ത ജൂതൻ മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്കാരത്തിനും അർഹമായി. 2018-ൽ ജയറാമിനെ നായകനാക്കി ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ചിത്രവും സലിം കുമാർ സംവിധാനം ചെയ്തു. കലാഭവൻ വേദികളിൽ നിന്ന് ദേശീയ പുരസ്കാര വേദി വരെയുള്ള അദ്ദേഹത്തിന്റെ യാത്ര കഠിനാധ്വാനം കൊണ്ട് തീർത്ത വിജയകഥയായി മലയാളികൾ എന്നും ഓർക്കും.
1969 ഒക്ടോബർ പത്തിന് എറണാകുളം ജില്ലയിലെ ചിറ്റാറ്റുകരയിൽ ഗംഗാധരന്റേയും കൗസല്യയുടേയും ഇളയ മകനായാണ് ജനനം. 1996 സെപ്റ്റംബർ 14-നാണ് സുനിതയെ വിവാഹം ചെയ്തത്. പിറ്റേ ദിവസമാണ് ബന്ധുവീട്ടിൽ നിന്ന് തന്റെ ആദ്യ ചിത്രമായ ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന സിനിമയിൽ അഭിനയിക്കാൻ പോയതെന്ന് സലിംകുമാർ പറഞ്ഞിട്ടുണ്ട്. യുവനടൻ കൂടിയായ ചന്തു, ആരോമൽ എന്നിവരാണ് മക്കൾ.



