പ്രതിദിനം 12 ലക്ഷം സ്ത്രീ യാത്രക്കാർ; സൗജന്യ യാത്രയുടെ അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക്; ജൂൺ 15 മുതൽ നടപ്പാക്കാൻ നീക്കം

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ചരിത്രപരമായ പദ്ധതിയുടെ അന്തിമരൂപം മുഖ്യമന്ത്രിയുടെ കൈകളിലേക്ക്. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പ് സമർപ്പിച്ച ശുപാർശകളിൽ മുഖ്യമന്ത്രി വൈകാതെ തന്നെ ഉന്നതതല യോഗം വിളിച്ച് അന്തിമ തീരുമാനമെടുക്കും. വരുന്ന ജൂൺ 15-ഓടെ പദ്ധതി യാഥാർഥ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

നേരത്തെ മന്ത്രി സി.പി. ജോൺ പ്രഖ്യാപിച്ചതുപോലെ സംസ്ഥാനത്തെ മുഴുവൻ വനിതകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാനാണ് തീരുമാനം. എന്നാൽ ഏതെല്ലാം കാറ്റഗറി ബസുകളിൽ ഇത് നടപ്പാക്കണമെന്ന കാര്യത്തിലാണ് ഇനി വ്യക്തത വരാനുള്ളത്. കെഎസ്ആർടിസി നൽകിയ റിപ്പോർട്ട് വിവിധ വകുപ്പുകൾ വിശദമായി ചർച്ച ചെയ്ത ശേഷമാണ് അന്തിമ തീരുമാനത്തിനായി മുഖ്യമന്ത്രിക്ക് കൈമാറിയത്.

വിവിധ പാക്കേജുകളും കണക്കുകളും (3 മാസത്തെ നഷ്ടം):
ഏതൊക്കെ ബസുകളിൽ പദ്ധതി നടപ്പാക്കിയാൽ എത്രത്തോളം അധിക ബാധ്യത വരുമെന്നതിന്റെ കൃത്യമായ കണക്കുകൾ കെഎസ്ആർടിസി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. മൂന്ന് മാസത്തെ കണക്കുകൾ താഴെ പറയുന്ന രീതിയിലാണ്:

മുഴുവൻ ബസുകളിലും: 112 കോടി രൂപ.

ഓർഡിനറി ബസുകളിൽ മാത്രം: 57 കോടി രൂപ.

ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകളിൽ: 65 കോടി രൂപ.

ഓർഡിനറി, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ: 90 കോടി രൂപ.

നിലവിൽ കെഎസ്ആർടിസിക്ക് നൽകുന്ന ശമ്പള-പെൻഷൻ സഹായങ്ങൾക്ക് പുറമെ ഈ തുക കൂടി സർക്കാർ അധികമായി നൽകേണ്ടി വരും.

പ്രതിദിനം 12 ലക്ഷം യാത്രക്കാർ; മുൻകൂർ തുക വേണമെന്ന് കെഎസ്ആർടിസി
സംസ്ഥാനത്ത് പ്രതിദിനം 10 മുതൽ 12 ലക്ഷം വരെ വനിതകൾ കെഎസ്ആർടിസിയെ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്ക്. സൗജന്യയാത്ര നിലവിൽ വരുന്നതോടെ യാത്രാക്കാരുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുമെന്നാണ് വിലയിരുത്തൽ.

എന്നാൽ, സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആർടിസിക്ക് പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ ഏത് സ്കീം തിരഞ്ഞെടുത്താലും അതിനുള്ള തുക സർക്കാർ മുൻകൂറായി നൽകണമെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ തുക അനുവദിക്കുന്നത് സംബന്ധിച്ചും കൃത്യമായ രൂപരേഖ തയ്യാറാക്കും.

Related Articles

Back to top button