12 പിജി വിദ്യാർത്ഥികൾ ഒന്നിച്ച് പരാതി നൽകി; രോഗികൾക്ക് മുന്നിൽ വരെ അപമാനിച്ച കോഴിക്കോട് മെഡി. കോളജിലെ രണ്ട് അധ്യാപകരെ സ്ഥലം മാറ്റി

രോഗികളുടെ മുന്നിൽ വെച്ചടക്കം വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്ത സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് അധ്യാപകർക്കെതിരെ കർശന നടപടി. സൈക്യാട്രി വിഭാഗത്തിലെ അധ്യാപകരായ ഡോ. അനിതകുമാരി, ഡോ. സ്മിത എന്നിവരെയാണ് അന്വേഷണ വിധേയമായി അടിയന്തരമായി സ്ഥലം മാറ്റിയത്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടേതാണ് ഈ ഉത്തരവ്.
സൈക്യാട്രി വിഭാഗത്തിലെ 12 വിദ്യാർത്ഥികളും പരാതി നൽകിയതോടെ പ്രാഥമിക അന്വേഷണം നടത്തി പ്രിൻസിപ്പാൾ ഡി.എംഇക്ക് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് പഠിച്ച ശേഷമാണ് ഇരുവർക്കുമെതിരെ മൂന്നംഗ സമിതിയെ വച്ച് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തിയത്. ആരോപണ വിധേയരായ അധ്യാപകർ മെഡിക്കൽ കോളേജിൽ തുടർന്നാൽ പരാതി ഉന്നയിച്ച വിദ്യാർത്ഥികൾക്ക് അനുകൂലമായ പഠനസാഹചര്യം ഉണ്ടാവില്ലെന്നായിരുന്നു സമിതിയുടെ കണ്ടെത്തൽ. ഇതിനെ തുടർന്നാണ് ഡോ അനിതയെ ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിലേക്കും ഡോ സ്മിതയെ കൊല്ലം മെഡിക്കൽ കോളേജിലേക്കും സ്ഥലം മാറ്റിയത്.



